നിക്ഷേപത്തിനെന്ത് പ്രായം! 60 വയസിന് ശേഷം പണം വാരാനുള്ള 5 നിക്ഷേപ മാര്‍ഗങ്ങള്‍
സന്തോഷകരമായ റിട്ടയര്‍മെന്റ് ജീവിതത്തിന്റെ താക്കോല്‍ കൃത്യമായ നിക്ഷേപങ്ങളും സമ്പാദ്യ തീരുമാനങ്ങളുമെടുക്കുക എന്നതാണ്
എല്ലാ വര്‍ഷവും ഓഗസ്റ്റ് 21നാണ് ലോക വയോജന ദിനം ആഘോഷിക്കുന്നത്. റിട്ടയര്‍മെന്റിനു ശേഷമുള്ള സന്തോഷകരവും പിരിമുറുക്കമില്ലാത്തതുമായ ജീവിതത്തിന്റെ താക്കോല്‍ കൃത്യമായ നിക്ഷേപങ്ങളും സമ്പാദ്യ തീരുമാനങ്ങളുമെടുക്കുക എന്നതാണ്. ഒരു ആയുഷ്‌കാലത്തില്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചതും പെന്‍ഷന്‍ തുകയും കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ റിട്ടയര്‍മെന്റ് ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. സുരക്ഷിതവും കൂടുതല്‍ വരുമാനം നേടാവുന്നതുമായ ഏറ്റവും മികച്ച അഞ്ച് നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്.സി.എസ്.എസ്)
60 വയസ്സിന് മുകളിലുള്ളവര്‍ക്കായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം . ഈ പദ്ധതി റിസ്‌ക് ഇല്ലാതെ ഉയര്‍ന്ന വരുമാനം നേടാനുള്ള നല്ലൊരു സാധ്യതയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ (എഫ്.ഡി) ഉയര്‍ന്ന പലിശ നിരക്ക് പദ്ധതിയിലൂടെ ലഭിക്കുന്നു. പദ്ധതിക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുണ്ടെങ്കിലും ആദ്യ വര്‍ഷത്തിന് ശേഷം കുറച്ച് തുക പിഴയായി അടച്ചാല്‍ പണം പിന്‍വലിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പി.ഒ.എം.ഐ.എസ്- POMS)
അപകടസാധ്യത കുറഞ്ഞതും എന്നാല്‍ മൂലധന പരിരക്ഷ ഉറപ്പാക്കുന്നതുമായ വരുമാന പദ്ധതിയാണിത്. മറ്റു സ്‌കീമുകളെ അപേക്ഷിച്ച് പ്രതിമാസ പ്രീമിയം തുക കുറവാണെന്നതും പ്രത്യേകതയാണ്.
സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍
ഏറ്റവും ജനപ്രിയവും സുരക്ഷിതവുമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സ്ഥിരനിക്ഷേപം അഥവാ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ (എഫ്.ഡി). ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള സ്‌കീമുകള്‍ അനുവദിക്കുന്നുണ്ട്. സുതാര്യത, വിശ്വാസ്യത, സ്ഥിരമായ വരുമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പലിശ എന്നിവ ഇത്തരം പദ്ധതികളെ ജനപ്രിയമാക്കുന്നു. ഇത്തരം നിക്ഷേപങ്ങള്‍ സുരക്ഷിതമാണെങ്കിലും നിക്ഷേപിച്ച തുക ഒരു നിശ്ചിത കാലയളവിലേക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല.
മ്യൂച്വല്‍ ഫണ്ടുകള്‍
കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്ന നിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡെറ്റ് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലോ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കാം. കൂടുതല്‍ വരുമാനവും മൂലധനം വര്‍ധിപ്പിക്കാനുള്ള അവസരവും ഈ നിക്ഷേപ സാധ്യത ഉറപ്പാക്കുന്നു.
ഗോള്‍ഡ് ഫണ്ടുകള്‍
ഏറ്റവും വിശ്വസിനീയമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ഗോള്‍ഡ് ഫണ്ടുകള്‍. ഏത് പ്രായത്തിലും ചെയ്യാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണിത്. അനുനിമിഷം മാറുന്ന ഡിജിറ്റല്‍ യുഗത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സൗകര്യാനുസരണം ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇ.ടി.എഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്), ഗോള്‍ഡ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.