സിബില്‍ സ്‌കോര്‍: ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം അറിഞ്ഞില്ലേല്‍ പണികിട്ടും!

സൂക്ഷ്മമായി ഉപയോഗിച്ചാല്‍ വലിയ നേട്ടങ്ങളും ക്രെഡിറ്റ് കാര്‍ഡിലൂടെ സ്വന്തമാക്കാം

Update:2024-04-17 14:29 IST

Image: Canava

നമ്മളില്‍ പലരും ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാകും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാകും ക്രെഡിറ്റ് കാര്‍ഡുകള്‍. കൃത്യമായി ഫോളോ ചെയ്യുകയും സൂക്ഷ്മമായി ഉപയോഗിക്കുകയും ചെയ്താല്‍ വലിയ നേട്ടങ്ങളും ക്രെഡിറ്റ് കാര്‍ഡിലൂടെ സ്വന്തമാക്കാം. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-
1. ബില്‍ ഡേറ്റുകള്‍ അറിഞ്ഞിരിക്കുക: ഒന്നിലേറെ കാര്‍ഡുകള്‍ ഉള്ളവരാണെങ്കില്‍ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ വേണ്ടിവരും. ഓരോ കാര്‍ഡിലെയും ബില്‍ തീയതികള്‍ അറിഞ്ഞിരിക്കണം. പേയ്‌മെന്റുകള്‍ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിലേക്ക് നയിക്കും.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

2.ക്രെഡിറ്റ് ബാലന്‍സ് നിയന്ത്രിക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ക്രെഡിറ്റ് പരിധിക്ക് താഴെയായി നിര്‍ത്താന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന ക്രെഡിറ്റ് ഉപയോഗം നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, നിങ്ങളെ കടക്കാരനാക്കി മാറ്റാന്‍ ഇതു കാരണമായേക്കും.

3. വാര്‍ഷിക ഫീസ്: ഒന്നിലധികം കാര്‍ഡുകളില്‍ വാര്‍ഷിക ഫീസുകള്‍ ഉണ്ടെങ്കില്‍, ആനുകൂല്യങ്ങളേക്കാള്‍ ചെലവുകള്‍ കൂടുതലാണോ എന്നു വിലയിരുത്തുക. കൂടുതല്‍ ഫീസ് ഈടാക്കി മതിയായ ആനുകൂല്യം നല്‍കാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ സേവനം അവസാനിപ്പിക്കുക.
4. ഓട്ടോമാറ്റിക് പേയ്‌മെന്റ്: ഓരോ ക്രെഡിറ്റ് കാര്‍ഡിലും ചെറിയ തുകയ്ക്കുള്ള പേയ്‌മെന്റുകള്‍ ഓട്ടോ പെയ്‌മെന്റ് രീതിയിലേക്ക് മാറ്റുക. ഈ പേയ്‌മെന്റുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ ഇടയ്ക്കിടെ അവ നിരീക്ഷിക്കുക.
5. ഫുള്‍ പേയ്‌മെന്റ്: സാധിക്കുമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ഓരോ മാസവും മുഴുവനായി അടയ്ക്കുക. ഇത് ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയ്ക്കാന്‍ സഹായിക്കുന്നു. ക്രെഡിറ്റ് സ്‌കോറിംഗ് മെച്ചപ്പെടുത്താന്‍ ഈ രീതി ഉപകരിക്കും.

6. റിവാര്‍ഡ്‌സ് ഉപയോഗപ്പെടുത്തുക: നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകളോ ക്യാഷ് ബാക്ക് ഓഫറുകളോ നല്‍കുന്നുണ്ടെങ്കില്‍ അത് സമര്‍ത്ഥമായി ഉപയോഗിക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ മേഖലകളില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് നിങ്ങള്‍ ഒരു യാത്രാപ്രേമി ആണെങ്കില്‍ ഇക്കാര്യങ്ങളില്‍ ഓഫറും റിവാര്‍ഡും നല്‍കുന്ന കാര്‍ഡുകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.

ഏതെങ്കിലും ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് തീരെ കുറവാണെങ്കില്‍ ആ രീതി മാറ്റുക. ചെറിയ പര്‍ച്ചേസുകള്‍ക്ക് ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വഴി അക്കൗണ്ട് ആക്ടീവായി നിര്‍ത്താന്‍ സാധിക്കും. ഇതുവഴി പോസിറ്റീവ് ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്താന്‍ സഹായിക്കും.

Tags:    

Similar News