ടോക്കണൈസേഷന്‍ സേവനം ആരംഭിച്ച് വിസ; ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമാക്കാം
ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളിലെ 16 അക്ക നമ്പറിന് പകരം ഒരു യൂണീക് എന്‍ക്രിപ്റ്റഡ് കോഡ് ഉപയോഗിക്കുന്നതാണ് ടോക്കണൈസേഷന്‍.
രാജ്യത്ത് കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കനൈസേഷന്‍ സേവനം ആരംഭിച്ച് വിസ. ആദ്യ ഘട്ടത്തില്‍ ബിഗ്ബാസ്‌കറ്റ്, മേക്ക്‌മൈ ട്രിപ്പ്, ഗ്രോഫേഴ്‌സ് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലാവും ടോക്കണൈസേഷന്‍ സേവനം ലഭ്യമാകുക. ആഗോള തലത്തില്‍ 130 രാജ്യങ്ങളില്‍ വിസ ടോക്കണൈസേഷന്‍ സേവനം നല്‍കുന്നുണ്ട്.
എന്താണ് ടോക്കണൈസേഷന്‍
2022 മുതല്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് റിസര്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പകരമായാണ് ടോക്കണൈസേഷന്‍ നടപ്പാക്കുക. ഇതോടെ ഉപഭോക്തക്കള്‍ക്ക് അവരുടെ കാര്‍ഡ് വിവരങ്ങള്‍ ഇടപാട് നടത്തുമ്പോള്‍ വെളിപ്പെടുത്തേണ്ടതില്ല.
പകരം നിങ്ങളുടെ 16 അക്ക കാര്‍ഡ് നമ്പറിന് ഒരു യുണീക്ക് കോഡ് ലഭിക്കും. ഇതാണ് ടോക്കണ്‍. കാര്‍ഡ് നല്‍കുന്ന ബാങ്കോ , കാര്‍ഡ് പ്രൊവൈഡറോ ആകും ടോക്കണ്‍ നല്‍കുക. ഈ ടോക്കണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ നടത്താം.
ഓരോ ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും നിങ്ങള്‍ക്ക് വ്യത്യസ്ത ടോക്കണുകളായിരിക്കും ലഭിക്കുക. ഇവ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഡീ-രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2022 മുതല്‍ ടോക്കണൈസേഷന്‍ നിര്‍ബന്ധമാകും. ആ സമയം ടോക്കണ്‍ ക്രിയേറ്റ് ചെയ്യാത്തവര്‍ ഓരോ തവണയും പേയ്‌മെന്റ് നടത്തുമ്പോള്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടിവരും. ഈ വിവരങ്ങള്‍ ഇനി സേവ് ചെയ്ത് വെക്കാന്‍ സാധിക്കില്ല.
കൊടാക്ക് മഹീന്ദ്ര, ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ് ബി ഐ, ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് എന്നിവരുമായി ചേര്‍ന്ന് വിസ കാര്‍ഡുകള്‍ക്ക് ടോക്കണൈസേഷന്‍ സേവനം ഗൂഗിള്‍ പേ അവതരിപ്പിച്ചിരുന്നു. ഗൂഗില്‍ പേയിലൂടെ കാര്‍ഡ് ലിങ്ക് ചെയ്ത് ടച്ച്&പെ( NFC) രീതിയില്‍ ട്രാന്‍സാക്ഷന്‍ നടത്താം. കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റിനെക്കാള്‍ വേഗം കാര്യങ്ങള്‍ നടക്കും എന്നതും പിന്‍നമ്പര്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല എന്നതാണ് ഇതിന്റെ പ്രയോജനം.