ജോലി പോയാല്‍ എന്തു ചെയ്യും? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടിയന്തിരാവശ്യങ്ങള്‍ക്കുള്ള ഫണ്ട് എങ്ങനെ ശരിയായി വിനിയോഗിക്കണം എന്ന തിരിച്ചറിവ് വേണം

Update:2023-02-12 14:47 IST

ജോലി നഷ്ടപ്പെടുക എന്നത് ഇന്നത്തെ കാലത്ത് വലിയ വാര്‍ത്തയല്ല. ഈ വര്‍ഷം ആദ്യത്തെ മൂന്ന് ആഴ്ചയില്‍ തന്നെ 14 സ്റ്റാര്‍ട്ടപ്പുകളിലായി രാജ്യത്ത് 2100 പേരെയാണ് പിരിച്ചു വിട്ടത്. ഷെയര്‍ചാറ്റ് (600), സ്വിഗ്ഗി (380), ഒല (200), മെഡിബഡ്ഡി(200) തുടങ്ങിവയൊക്കെ അതിലുണ്ട്.

നിലവിലുള്ള ജോലി നഷ്ടമാകുകയും വരുമാനം നിലയ്ക്കുകയും ചെയ്താല്‍ വലിയ പ്രതിസന്ധിയിലാകുന്നവരാണ് പലരും. വായ്പകളും ഇഎംഐകളും ഒക്കെയുള്ളവര്‍ ഇനി എന്തുചെയ്യുമെന്ന് പകച്ചു പോകും. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ജോലി നഷ്ടപ്പെടുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം.
എമര്‍ജന്‍സി ഫണ്ട് വേണം
ജോലിയിലിരിക്കെ തന്നെ അടിയന്തിരാവശ്യങ്ങള്‍ക്കായി ഒരു ഫണ്ട് സ്വരൂപിച്ചു വെക്കാന്‍ ശ്രദ്ധിക്കണം. ചുരുങ്ങിയത് 6-12 മാസത്തേക്ക് ആവശ്യമായ തുകയ്ക്ക് തുല്യമായിരിക്കണം അത്. അത് സേവിംഗ്സ് എക്കൗണ്ടിലോ ഹ്രസ്വകാല സ്ഥിര നിക്ഷേപമായോ സൂക്ഷിക്കാം. എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തിലായിരിക്കണം എന്നു മാത്രം. മറ്റൊരു ജോലി ലഭിക്കുന്നതു വരെ ചെലവുകള്‍ നടത്തിക്കൊണ്ടുപോകാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കും.
എമര്‍ജന്‍സി ഫണ്ട് ഇല്ലെങ്കില്‍
നിങ്ങളുടെ പോര്‍ട്ട്ഫോളിയോ ശ്രദ്ധാപൂര്‍വം പരിശോധിച്ചാല്‍ അത്ര ആവശ്യമില്ലാത്ത പരമ്പരാഗത ഇന്‍ഷുറന്‍സ് പോളിസികളും ഉദ്ദേശിച്ച അത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാത്ത മ്യൂച്വല്‍ ഫണ്ടുകളുമൊക്കെ ഉണ്ടാകാം. കൂടാതെ ചെറിയ ലിക്വിഡ് ഫണ്ട് നിക്ഷേപവും ഉണ്ടായേക്കാം. അതൊക്കെ പിന്‍വലിച്ച് എല്ലാം ചേര്‍ത്താല്‍ ഒരു തുകയാകും. മാത്രമല്ല, നിങ്ങളുടെ കൈവശമുള്ള, എന്നാല്‍ ഉപയോഗിക്കാത്ത സ്വര്‍ണം അടിയന്തിരാവശ്യങ്ങള്‍ക്കായി പണമാക്കി മാറ്റാം.
അടിയന്തിരാവശ്യങ്ങള്‍ക്കുള്ള ഫണ്ട് ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. മറ്റു ചെലവുകള്‍ പുതിയ ജോലി കിട്ടിയിട്ടോ മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്തിയിട്ടോ മതി.
ചെലവ് നിയന്ത്രിക്കുക
ജോലി നഷ്ടപ്പെട്ടിരിക്കുന്ന അവസരത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായല്ലാതെ പണം ചെലവഴിക്കുന്നത് നിര്‍ത്തുക. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്, സ്‌കൂള്‍ ഫീസ്, യുട്ടിലിറ്റി ബില്‍ തുടങ്ങിയവ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുക.
ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങുന്നതൊക്കെ മാറ്റിവെക്കാം. പാര്‍ട്ടികള്‍, പുറത്തു പോയുള്ള ഭക്ഷണം, ഹോളിഡേ ആഘോഷം തുടങ്ങിയവയൊക്കെ മാറ്റിവെക്കാം.
ഇഎംഐ തെറ്റിക്കരുത്
ഏത് പ്രതിസന്ധിക്കിടയിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഇഎംഐകളും തിരിച്ചടക്കാന്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 48 ശതമാനവും വ്യക്തിഗത വായ്പകള്‍ക്ക് 16 ശതമാനത്തിലേറെയും വാര്‍ഷിക പലിശ നിരക്കുണ്ട്. അതുകൊണ്ടു തന്നെ അടവ് മുടങ്ങുന്നത് വലിയ ബാധ്യതയിലേക്ക് നയിക്കും. ചെലവ് കുറയ്ക്കുക എന്നതിലൂടെ ക്രെഡിഡ് കാര്‍ഡിന്റെ ഉപയോഗവും കുറയ്ക്കാനാകും. ആദ്യത്തെ ആറു മാസം വരെ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് പണമെടുത്ത് ഇഎംഐ അടക്കാം. അതിനു ശേഷവും വരുമാനത്തിനുള്ള വഴിയില്ലെങ്കില്‍ ബാങ്ക് ലോണ്‍ മൊറട്ടോറിയം വായ്പാ തിരിച്ചടവ് കാലാവധി നീട്ടുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ബാങ്കുമായി ബന്ധപ്പെടാം. ഇവ പലിശയിനത്തില്‍ ചെലവ് വര്‍ധിപ്പിക്കുന്ന കാര്യമാണെങ്കിലും വരുമാനം വരുന്നതു വരെ ചെലവ് കുറയ്ക്കാന്‍ മികച്ച വഴിയാണ്.
ദീര്‍ഘകാല ലക്ഷ്യത്തെ ബാധിക്കരുത്
താല്‍ക്കാലികമായുണ്ടാകുന്ന ജോലി നഷ്ടം കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ ്സമ്പാദ്യം തുടങ്ങിയ നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കാതെ പരമാവധി നോക്കണം. ജോലി നഷ്ടമായാല്‍ എസ്ഐപി പോലുള്ള നിക്ഷേപങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താം. എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് എടുത്ത് അതില്‍ നിക്ഷേപിക്കണമെന്നില്ല. പിന്നീട് വരുമാനം ലഭിക്കുമ്പോള്‍ പുനരാരംഭിച്ചാല്‍ മതിയാകും.
പ്രൊവിഡന്റ് ഫണ്ടിനെ വെറുതെ വിടുക
പ്രൊവിഡന്റ് ഫണ്ട് പോലെ റിട്ടയര്‍മെന്റ് സമ്പാദ്യങ്ങളില്‍ പെട്ടെന്നുള്ള പണത്തിന്റെ ആവശ്യം വരുമ്പോള്‍ കൈവെക്കാതിരിക്കുന്നതാണ് നല്ലത്. പിപിഎഫില്‍ നിന്നോ എപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നോ പണം പിന്‍വലിക്കുന്നത് അവസാന മാര്‍ഗമായി കരുതണം.

 


Tags:    

Similar News