500 രൂപ മുതല്‍ നിക്ഷേപിക്കാം; പിപിഎഫിനെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍
നിക്ഷേപം നടത്തുന്ന തുകയ്ക്കും കാലയളവിനിടയിലുള്ള വരുമാനത്തിനും നിക്ഷേപത്തുക പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിനും നികുതിയിളവ് ലഭിക്കുന്ന നിക്ഷേപമാര്‍ഗമാണ് പിപിഎഫ്.
ഏറ്റവും ജനപ്രിയമായൊരു നിക്ഷേപമാര്‍ഗാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കുറഞ്ഞത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും.
15 വര്‍ഷം കാലാവധിയുള്ള ഈ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ പലിശ നിരക്ക് 7.6 ശതമാനമാണ്. ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനാകും. വായ്പാ സൗകര്യവും ലഭിക്കുന്നുണ്ട്.
പിപിഎഫിനെ കുറിച്ച് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.
- എക്കൗണ്ട് തുടങ്ങി ഏഴു വര്‍ഷത്തിനു ശേഷം ഭാഗികമായി പിപിഎഫ് എക്കൗണ്ടില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ ഒരു തവണ നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം പിപിഎഫ് നല്‍കുന്നുണ്ട്. പിപിഎഫ് എക്കൗണ്ടില്‍ നിന്നുള്ള ഭാഗികമായ പിന്‍വലിക്കല്‍ നികുതി മുക്തമാണ്.
- ട്രിപ്പിള്‍ ഇ (എക്‌സെംപ്റ്റ്, എക്‌സെംപ്റ്റ്, എക്‌സെപ്റ്റ്) കാറ്റഗറിയിലാണ് വരുന്നത്. അതായത് നിക്ഷേപം നടത്തുന്ന തുകയ്ക്കും കാലയളവിനിടയിലുള്ള വരുമാനത്തിനും നിക്ഷേപത്തുക പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിനും നികുതി നിയമത്തിന്റെ വകുപ്പ് 10(22) നിയമപ്രകാരം നികുതിയിളവ് ലഭിക്കുന്നു.
- ക്രെഡിറ്റ് ബാലന്‍സിന്റെ 50 ശതമാനം വരെയാണ് പിന്‍വലിക്കാനാകുന്നത്.
- മൈനറുടെ എക്കൗണ്ടില്‍ നിന്നാണ് പിന്‍വലിക്കുന്നതെങ്കില്‍, മൈനറുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ് തുക പിന്‍വലിക്കുന്നതെന്ന് ഗാര്‍ഡിയന്‍ സത്യവാങ്മൂലം നല്‍കണം.
- മച്യുരിറ്റി കാലയളവ് കഴിഞ്ഞും (15 വര്‍ഷത്തിനു ശേഷവും) പിപിഎഫ് എക്കൗണ്ട് തുടര്‍ന്നു കൊണ്ടുപോകാവുന്നതാണ്.
ഇത്തരത്തില്‍ ദീര്‍ഘിപ്പിക്കുന്ന നിക്ഷേപം ഇടയ്ക്കുവച്ച്
പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാന്‍ അവസരമുണ്ട്. പക്ഷേ പ്രതിവര്‍ഷം ഒരുതവണ മാത്രമേ പിന്‍വലിക്കാനാകൂ.
- അഞ്ചുവര്‍ഷത്തെ ബ്ലോക്ക് പീരിയഡില്‍ ബാലന്‍സ് തുകയുടെ 60 ശതമാനത്തില്‍ കൂടുതല്‍ പിന്‍വലിക്കാനാകില്ല.
- സ്വന്തം പേരിലുള്ളതോ മൈനറുടെ പേരിലുള്ളതോ ആയ പിപിഎഫ് എക്കൗണ്ട് കാലാവധിക്കു മുന്‍പ് ക്ലോസ് ചെയ്യാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ
എക്കൗണ്ടുകള്‍ക്കു മാത്രമാണ് ഈ സൗകര്യം നല്‍കുന്നത്.
- സാധാരണഗതിയില്‍ എന്തെങ്കിലും മാരകമായ അസുഖങ്ങളുടെ ചികിത്സയ്ക്കായോ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായോ
മാത്രമാണ് പ്രീമെച്വര്‍ ക്ലോസിംഗ് അനുവദിക്കുന്നത്.
- പ്രീമെച്വര്‍ ക്ലോസിംഗ് വഴി ലഭിക്കുന്ന മുതലിനും
പലിശയ്ക്കും നിക്ഷേപകര്‍ നികുതി നല്‍കേണ്ടതില്ല.
- എക്കൗണ്ട് തുറന്ന് മൂന്നു വര്‍ഷം മുതല്‍ തന്നെ വായ്പാ സൗകര്യം ലഭ്യമാണ്. രണ്ടാമത്തെ വര്‍ഷം എക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനം വരെ വായ്പയെടുക്കാന്‍ സാധിക്കും. അഞ്ചാമത്തെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെയാണ് പിപിഎഫ് എക്കൗണ്ടില്‍ വായ്പാ സൗകര്യം ലഭിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പിപിഎഫ് എക്കൗണ്ടില്‍ നിന്ന് വായ്പയെടുക്കാനാകൂ.