നിരക്കുകള്‍ വര്‍ധിച്ചു; ഏത് ബാങ്കാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഏറ്റവുമധികം പലിശ നല്‍കുന്നത്
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവരുടെ പുതുക്കിയ നിരക്കുകള്‍ കാണാം
ഈയടുത്ത് കഴിഞ്ഞ റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ചതോടെ വന്‍കിട ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ വര്‍ധിപ്പിച്ചുകൊണ്ട് രംഗത്തെത്തി. പുതുതായി സ്ഥിര നിക്ഷേപത്തിലേക്കിറങ്ങുന്നവര്‍ക്ക് അതാത് ബാങ്കുകളുമായി ബന്ധപ്പെടാം. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവരുടെ പുതുക്കിയ നിരക്കുകള്‍ കാണാം.
എസ്ബിഐ
എസ്ബിഐ ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 65 അടിസ്ഥാന പോയിന്റ് (ബിപിഎസ്) അഥവാ 0.65% വര്‍ധനവ് നടപ്പാക്കിയിട്ടുണ്ട്. എസ്ബിഐയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം 25 ബിപിഎസ് മുതല്‍ 65 ബിപിഎസ് വരെ തോതില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തി. 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലെ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 6.75% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.25% വരെയും ആദായം ലഭിക്കും.
ഫെഡറല്‍ ബാങ്ക്
ആര്‍ബിഐ നിരക്കുയര്‍ത്തലോടൊപ്പം ഫെഡറല്‍ ബാങ്കും സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 3-7.75 ശതമാനം വരെയാണ് നിക്ഷേപ പലിശ നിരക്കുകള്‍ വരുന്നത്. 7-2223 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3-6.30 ശതമാനം വരെയാണ് വിവിധ പലിശ നിരക്കുകള്‍. ഈ കാലഘട്ടത്തിലെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ 3.50- 6.95 ശതമാനമാണ്. ഫെഡറല്‍ ബാങ്കിലെ 18 മാസം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ വ്യക്തികള്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ നല്‍കുന്നുണ്ട്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക്, 2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 60 ബിപിഎസ് (0.60 %) വരെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 7% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.50% വരെയും പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകള്‍ ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ടെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക്, 2 കോടിയില്‍ താഴെയുള്ള എഫ്ഡി നിക്ഷേപങ്ങളുടെ ആദായ നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 3% മുതല്‍ 7% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.50% മുതല്‍ 7.50% വരെയും പലിശ ലഭിക്കും. വര്‍ധിപ്പിച്ച ആദായ നിരക്കുകള്‍ ഡിസംബര്‍ 14 മുതല്‍ പ്രാബല്യത്തിലായെന്നും എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക്, 2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 7 ദിവസം മുതല്‍ 10 വര്‍ഷം കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 2.75% മുതല്‍ 7% വരെയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 3.25% മുതല്‍ 7.50% വരെയും പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകള്‍ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തിലായി.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
7-14 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 4 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 ശതമാനം പലിശ നിരക്കുമാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. 1 വര്‍ഷത്തിന്മേലുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ നിരക്ക് ലഭിക്കും.
999 ദിവസം, അഥവാ 2 വര്‍ഷം, 8 മാസം, 25 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.5 ശതമാനവും പലിശ നല്‍കുന്നുണ്ട് ഇസാഫ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
8 ശതമാനം പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐഡിഎഫ്‌സി ബാങ്ക് നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക്. 18 മാസവും ഒരു ദിവസവും മുതല്‍ 3 വര്‍ഷം വരെയുള്ള കാലാവധിക്കാണ് ഐഡിഎഫ്‌സി ബാങ്ക് സാധാരണ ജനങ്ങള്‍ക്ക് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നത്. വിവിധ കാലാവധിക്കുള്ള എഫ്ഡികള്‍ 3 ശതമാനം മുതല്‍ 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപാധികളോടെ 8 ശതമാനം വരെയുമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. 367 ദിവസം മുതല്‍ 18 മാസം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് 7.25 ശതമാനം പലി നിരക്കാണ് ലഭിക്കുക.