യഥാര്‍ത്ഥ ഉല്‍പ്പന്നത്തെ പിന്തുടര്‍ന്നെത്തുന്ന 'ആഫ്റ്റര്‍ മാര്‍ക്കറ്റ്'; അവസരങ്ങളറിയാം
യഥാര്‍ത്ഥ നിര്‍മാതാക്കള്‍ 'കത്തി' വില വാങ്ങുമ്പോള്‍ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ പോലെയുള്ള ഉല്‍പ്പന്നം മറ്റൊരു വിപണിയില്‍ ലഭ്യമാകുന്നു. ഇവിടെയാണ് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ പ്രസക്തി.
നിങ്ങളുടെ കാറിന് ചില അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുന്നു. കാറിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം മാറേണ്ടതുണ്ട്. കാര്‍ നിര്‍മ്മാതാക്കള്‍ അതിന്റെ വില പറയുന്നത് കേട്ട് നിങ്ങള്‍ ഞെട്റ്റുന്നു. ''എന്തൊരു കൊല്ലുന്ന വില'' എന്ന് മനസ്സില്‍ പറയുന്നു. വാഹനങ്ങളുടെ പാര്‍ട്‌സുകളുടെ വില്‍പ്പന നിർമാതാക്കൾ ലാഭം കൊയ്യുന്ന മേഖലയാണെന്ന് നിങ്ങള്‍ക്കറിയാം. കുറഞ്ഞ വിലയ്ക്ക് വണ്ടിയുടെ പാര്‍ട്ട് ലഭിക്കുമോയെന്ന് നിങ്ങള്‍ അന്വേഷിക്കുന്നു. നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാറിന്റെ ആ ഭാഗം വളരെ വിലക്കുറവില്‍ ലഭ്യമാകുന്നു. എന്നാല്‍ ആ പാര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കാറിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളല്ല മറിച്ച് മറ്റേതോ നിര്‍മ്മാതാക്കളാണ്.
എന്നാല്‍ നിങ്ങള്‍ കണ്ടെത്തിയ സ്‌പെയര്‍ പാര്‍ട്ട് നിങ്ങളുടെ വാഹനത്തിന് യോജിച്ചതാണ്, വിലയും കുറവ്. യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ കത്തി വില വാങ്ങുമ്പോള്‍ നിങ്ങളുടെ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ ഉല്‍പ്പന്നം മറ്റൊരു വിപണിയില്‍ ലഭ്യമാകുന്നു. ഇവിടെയാണ് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ പ്രസക്തി.
യഥാര്‍ത്ഥ ഉല്‍പ്പന്നത്തെ പിന്തുടര്‍ന്നെത്തുന്ന വിപുലമായ വിപണി കണ്ടെത്തുകയും അവയില്‍ നിന്നും സംരംഭകര്‍ വരുമാനം സൃഷ്ടിക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ ഉള്‍ ഭാഗങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന രീതിയില്‍ ഫര്‍ണിഷ് ചെയ്യുന്നതും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതുമൊക്കെ ഇത്തരം വിപണിയില്‍ കാണാം. സംരംഭകര്‍ക്ക് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.