EP 63: വില കൂട്ടി ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്ന 'ലക്ഷ്വറി ബ്രാന്‍ഡ്'തന്ത്രം

ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന പോഡ്കാസ്റ്റ് സിരീസില്‍ ഇന്ന് 'വെബ്ലെന്‍ ബ്രാന്‍ഡ്' സ്ട്രാറ്റജി

Update: 2023-04-18 11:59 GMT


ഒരു ലക്ഷ്വറി ബ്രാന്‍ഡ് തങ്ങളുടെ ബാഗുകള്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നുവെന്ന് കരുതുക. ഉയര്‍ന്ന വിലയില്‍ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന ആ ബാഗുകള്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ അതേവരെ പ്രാപ്തമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കിയതോടു കൂടി അത് സാധാരണക്കാര്‍ക്ക് കൂടി വാങ്ങുവാന്‍ സാധിക്കുന്നു. പെട്ടെന്ന് ആ ബാഗുകളുടെ ഡിമാന്‍ഡ് വിപണിയില്‍ വര്‍ദ്ധിക്കുന്നു. ഉപയോക്താക്കള്‍ ബാഗ് വാങ്ങുവാന്‍ ഇടിച്ചു കയറുന്നു. വില്‍പ്പന കുതിച്ചുയരുന്നു.

ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്. ആ ലക്ഷ്വറി ബ്രാന്‍ഡ് ഉപയോഗിച്ചു കൊണ്ടിരുന്ന അതിസമ്പന്നരായ ഉപഭോക്താക്കള്‍ക്ക് ആ ബ്രാന്‍ഡിലുള്ള താല്‍പ്പര്യം അതോടെ നഷ്ടപ്പെടുന്നു. എല്ലാവര്‍ക്കും വാങ്ങുവാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡ് ഉപയോഗിക്കുവാന്‍ അവര്‍ മടിക്കുന്നു. അവരുടെ ഉയര്‍ന്ന നിലവാരം (High Class) കാത്തുസൂക്ഷിക്കുന്ന ബ്രാന്‍ഡുകളാണ് അവര്‍ക്കാവശ്യം. ഡിസ്‌കൗണ്ട് നല്‍കുന്നതോടു കൂടി വില്‍പ്പന ഉയരുന്നു എന്നാല്‍ ബ്രാന്‍ഡിന്റെ മൂല്യം ഇടിയുന്നു.

വില കൂടുന്തോറും ഡിമാന്‍ഡ് വര്‍ധിക്കുന്ന ചില ഉല്‍പ്പന്നങ്ങളുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡുകള്‍ ഒരിക്കലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുകയോ വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനായി വില കുറച്ചു നല്‍കുകയോ ചെയ്യുന്നില്ല. ഈ ലക്ഷ്വറി ബ്രാന്‍ഡുകളുടെ പ്രത്യേകത തന്നെ സാധാരണക്കാരന് അപ്രാപ്യമായ ഉയര്‍ന്ന വിലയാണ് എന്നതാണ്. അതിസമ്പന്നര്‍ തങ്ങളുടെ സമ്പത്തിന്റേയും അന്തസ്സിന്റെയും ചിഹ്നമായി (Symbol) ഈ ബ്രാന്‍ഡുകളെ കാണുന്നു. ഇതൊരു തന്ത്രമാണ്. കേള്‍ക്കാം.

Tags:    

Similar News