EP36: ഡിസൈന്‍ തിങ്കിംഗ് എങ്ങനെ നിങ്ങളുടെ ബിസിനസില്‍ മാറ്റം കൊണ്ടുവരും?

ഓരോ ബിസിനസ് ആശയവും ഒന്നോ അതിലധികമോ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുമ്പോള്‍ നിര്‍മാതാവ് ഇത് അറിഞ്ഞിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update: 2022-10-04 10:51 GMT


ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് സ്ട്രാറ്റജികള്‍ പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റ് സിരീസില്‍ ഇന്ന് മുപ്പത്തി ആറാമത്തെ സ്ട്രാറ്റജി കേള്‍ക്കാം. ബ്രോണ്‍ ആന്‍ഡ് ഓറല്‍ ബി (Braun Oral B) തങ്ങളുടെ പുതിയ ഇലക്ട്രിക് ടൂത്ത് ബ്രഷ് രൂപകല്‍പ്പന (Design) ചെയ്യാന്‍ ചുമതലപ്പെടുത്തിയത് കിം കോളിനേയും (Kim Colin) സാം ഹെച്ചിനേയുമായിരുന്നു (Sam Hecht). ബ്രോണ്‍ ആന്‍ഡ് ഓറല്‍ ബിക്ക് ആ ഇലക്ട്രിക് ടൂത്ത് ബ്രഷ് തികച്ചും വ്യത്യസ്തവും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതുമാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

മൂന്ന് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് നിര്‍മ്മാതാക്കള്‍ ഡിസൈനര്‍മാരായ കിമ്മിനേയും സാമിനേയും അറിയിച്ചത്. ഒന്നാമത്തേത് ഇലക്ട്രിക് ടൂത്ത് ബ്രഷില്‍ ഒരു മ്യൂസിക് പ്ലെയര്‍ ഉണ്ടാവണമെന്നതാണ്. രണ്ടാമത്തേത് ഉപഭോക്താക്കള്‍ എത്ര നല്ല രീതിയിലാണ് അവരുടെ ഓരോ പല്ലും ബ്രഷ് ചെയ്യുന്നത് എന്ന ഡാറ്റ ലഭ്യമാവണം. മൂന്നാമത്തേത് അവരുടെ മോണകളുടെ സംവേദനക്ഷമത (Sensitivity) അറിയുവാന്‍ സാധിക്കണം. ഈ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപഭോക്താക്കളുടെ ഡാറ്റ കൂടി ശേഖരിക്കുന്ന രൂപത്തിലാവണം ഡിസൈന്‍ ചെയ്യേണ്ടത്.
എന്നാല്‍ ഈ ആവശ്യങ്ങളെ ഒറ്റയടിക്ക് സ്വീകരിക്കുകയും ബ്രഷ് രൂപകല്‍പ്പന ചെയ്യുകയുമല്ല കിമ്മും സാമും ചെയ്തത്. നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാടുകളെ മാത്രം അധാരമാക്കിയല്ല മറിച്ച് ഉപഭോക്താക്കളുടെ പ്രശ്‌നങ്ങളെ ആഴത്തില്‍ മനസിലാക്കിക്കൊണ്ട് വേണം ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യേണ്ടത് എന്നവര്‍ നിര്‍ദ്ദേശിച്ചു. അവര്‍ വിശദമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പഠിക്കുകയും അവരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ സാധ്യമായ രണ്ട് സുപ്രധാന പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തു..
യു എസ് ബി ചാര്‍ജ്ജിംഗായിരുന്നു അതിലൊന്ന്. മറ്റൊന്ന് ബ്രഷ് ഹെഡുകള്‍ അതിവേഗം ഓര്‍ഡര്‍ ചെയ്യുവാനുള്ള സൗകര്യവും. ഉപഭോക്താക്കളുടെ അനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച പാഠങ്ങള്‍ പുതിയ ഉല്‍പ്പന്നം ഭംഗിയായി രൂപകല്‍പ്പന ചെയ്യുവാന്‍ നിര്‍മ്മാതാക്കളെ സഹായിച്ചു. ഓറല്‍ ബിയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷ് വിപണിയില്‍ വന്‍ വിജയമായി. നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായ ആവശ്യങ്ങള്‍ ആയിരിക്കില്ല പലപ്പോഴും ഉപഭോക്താക്കളുടേത്.
ഒരു ഉല്‍പ്പന്നത്തിന്റെ രൂപകല്‍പ്പനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിയുക എന്നതാണ്. ഓരോ ഉല്‍പ്പന്നവും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനാണ് അവര്‍ ഉപയോഗിക്കുന്നത്. എന്താണ് ഉപഭോക്താവ് അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്നറിയാത്ത നിര്‍മ്മാതാവിന് ഒരിക്കലും നല്ല ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് നല്‍കുവാന്‍ സാധിക്കുകയില്ല. ഡിസൈന്‍ തിങ്കിംഗ് (Design Thinking) ഉപഭോക്താവിന്റെ പ്രശ്‌നങ്ങളെ കണ്ടെത്താന്‍ സംരംഭകരെ സഹായിക്കുന്നു.
ഓരോ ബിസിനസ് ആശയവും ഒന്നോ അതിലധികമോ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. ഉല്‍പ്പന്നം രൂപകല്‍പ്പന (Design) ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഏതൊക്കെ പ്രശ്‌നങ്ങളെയാണ് അവ പരിഹരിക്കുന്നതെന്നും അതാണോ അവരുടെ യഥാര്‍ത്ഥ ആശങ്കകളെന്നും നിര്‍മ്മാതാവ് മനസിലാക്കിയിരിക്കണം. ഉപഭോക്താക്കളുടെ ആവശ്യങ്ങളെ പഠിക്കാതെ രൂപകല്‍പ്പന ചെയ്യുന്ന ഒരു ഉല്‍പ്പന്നവും വിപണിയില്‍ വിജയിക്കുകയില്ല. പോഡ്കാസ്റ്റ് കേള്‍ക്കൂ.


Tags:    

Similar News