ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 22, 2022
ഉക്രെയ്ന്‍ പ്രശ്‌നങ്ങള്‍ എല്‍ഐസി ഐപിഒയ്ക്ക് തടസ്സമാകില്ലെന്ന് നിര്‍മല സീതാരാമന്‍. ഇന്ത്യക്കാര്‍ക്കുള്ള റാപ്പിഡ് ആര്‍ടിപിസിആര്‍ ഒഴിവാക്കി ദുബായ്. 'പോഷ' കാര്‍ നിര്‍മാതാക്കള്‍ ഐപിഒ ആലോചനയില്‍. അഞ്ചാം ദിവസവും ഇടിഞ്ഞ് സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍.
ഉക്രെയ്ന്‍ പ്രശ്‌നങ്ങള്‍ എല്‍ഐസി ഐപിഒയ്ക്ക് തടസ്സമാകില്ലെന്ന് നിര്‍മല സീതാരാമന്‍
വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പ്രാഥമിക പബ്ലിക് ഓഫറുമായി (ഐപിഒ) സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഉക്രെയ്നും റഷ്യയും തമ്മിലുള്ള സംഘര്‍ഷം കാരണം ആഗോള സംഭവവികാസങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും സീതാരാമന്‍ പറഞ്ഞു.
ഇന്ത്യക്കാര്‍ക്കുള്ള റാപ്പിഡ് ആര്‍ടിപിസിആര്‍ ഒഴിവാക്കി ദുബായ്
യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യന്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നടത്തേണ്ടിയിരുന്ന ആര്‍ടിപിസിആര്‍ നിര്‍ത്തലാക്കി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ദുബായ് എയര്‍പോര്‍ട്ട് ഈ പുതിയ നിയമം നടപ്പിലാകും.
പോഷ കാര്‍ നിര്‍മാതാക്കള്‍ ഐപിഒ ആലോചനയില്‍
ആഡംബര കാര്‍ നിര്‍മാതാക്കളായ പോഷയും ഫോക്‌സ് വാഗന്‍ ഗ്രൂപ്പും ഐപിഒ നടത്തുന്നത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. ഫോക്‌സ് വാഗന്റെ ഏറ്റവും വലിയ പങ്കാളികളായ പോഷ ഇലക്ട്രിക് വാഹന വിപണി വിപുലമാക്കുന്നതിനു മുന്നോടിയായിട്ടായിരിക്കും ഐപിഒ നടത്തുക എന്നും ഇരു കമ്പനികളുടെയും ബോര്‍ഡ് തീരുമാനത്തോടെയാകും ഐപിഒ വാര്‍ത്ത സ്ഥിരീകരിക്കുക എന്നുമാണ് അറിയുന്നത്.
റെറ; വീഴ്ച വരുത്തിയ പദ്ധതികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ( കെ റെറ )വെബ്‌പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ 29 പദ്ധതികളുടെ പട്ടിക rera.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. ഇവരില്‍ നിന്നു പിഴ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു.
സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price Today) ഇന്ന് വര്‍ധന. ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്.. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപ നിരക്കിലാണ് ഇന്നലെ വില്‍പ്പന നടന്നത്. ഇന്ന് സ്വര്‍ണവില ഗ്രാമിന് 35 രൂപ വര്‍ധിച്ചു. 4625 രൂപയിലാണ് ഇന്ന് സ്വര്‍ണം വില്‍ക്കുന്നത്. ഒരു പവന് 37000 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 3820 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.
യുദ്ധ ഭീതിയില്‍ വിപണി; അഞ്ചാം ദിവസവും ഇടിഞ്ഞ് സൂചികകള്‍
തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും ഓഹരി സൂചികകളില്‍ ഇടിവ്. റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആഗോള വിപണി ദുര്‍ബലമായത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
സെന്‍സെക്സ് 382.91 പോയ്ന്റ് ഇടിഞ്ഞ് 57300.68 പോയ്ന്റിലും നിഫ്റ്റി 114.50 പോയ്ന്റ് ഇടിഞ്ഞ് 17092.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 684 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2589 ഓഹരികളുടെ വിലിയിടിഞ്ഞു. 82 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ടിസിഎസ്, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിആ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഐഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
അഞ്ച് കേരള കമ്പനി ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് വില വര്‍ധിച്ചത്. ഈസ്റ്റേണ്‍ ട്രെഡ്സ് (3.58 ശതമാനം), സിഎസ്ബി ബാങ്ക് (3.35 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.90 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (1.82 ശതമാനം), കെഎസ്ഇ (0.83 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, നിറ്റ ജലാറ്റിന്‍, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ഹാരിസണ്‍സ് മലയാളം,
ആസ്റ്റര്‍ ഡി എം, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എവിറ്റി, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 24 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.