രാജ്യത്തെ അതി സമ്പന്നര്‍ കൂട്ടത്തോടെ നാടു വിടുന്നു

Update:2019-05-13 17:12 IST

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ, സംരംഭം തുടങ്ങാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റം തുടങ്ങി എടുത്തുകാട്ടാന്‍ ഏറെ നേട്ടങ്ങളുണ്ടായിട്ടെന്താ. ഇന്ത്യയില്‍ നിന്ന് സമ്പന്നരൊക്കെ നാടു വിടുകയാണ്. അഫ്രേഷ്യ ബാങ്ക് ആന്‍ഡ് റിസര്‍ച്ച് തയാറാക്കിയ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവിലാണ് ഇത് വെളുപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പന്നര്‍ പുറത്തേക്ക് പോയ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അയ്യായിരത്തോളം കോടീശ്വരന്മാരാണ് കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത്. രാജ്യത്തെ ആകെ സമ്പന്നരുടെ രണ്ടു ശതമാനം വരുമിത്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിലായ യുകെയിലേതിനേക്കാള്‍ കൂടുതല്‍ പലായനമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഏറ്റവും കൂടുതല്‍ സമ്പന്നരെ സ്വീകരിച്ച യുകെയ്ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സമ്പന്നര്‍ രാജ്യം വിടുന്നതിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ബ്രെക്‌സിറ്റ് തന്നെ വില്ലന്‍.

രാജ്യം വിടുന്ന സമ്പന്നരുടെ എണ്ണത്തില്‍ ചൈനയാണ് മുന്നില്‍ യുഎസുമായുള്ള വ്യാപാര യുദ്ധമാണ് ചൈനയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. റഷ്യയാണ് പട്ടികയില്‍ രണ്ടാമത്. സമ്പന്നര്‍ കുടിയേറുന്നതാവട്ടെ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ അസമത്വം ഏറി വരികയാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. അതിസമ്പന്നരായ ആളുകള്‍ രാജ്യത്തെ സമ്പത്തിന്റെ പകുതിയോളം കൈവശം വെച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. ആഗോളതലത്തില്‍ 36 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 48 ശതമാനം സമ്പത്തും അതിസമ്പന്നരുടെ കൈയിലാണ്.

അതേസമയം അടുത്ത പത്തു വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നും കണക്കു കൂട്ടുന്നു. 2028 ഓടെ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും യുകെയെയും ജര്‍മനിയെയും കടത്തി വെട്ടുമെന്നും റിവ്യൂ പറയുന്നു.

അതേസമയം സമ്പന്നര്‍ രാജ്യം വിടുന്നതില്‍ ഇന്ത്യയോ ചൈനയോ വേവലാതിപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം, നഷ്ടപ്പെടുന്നതിനേക്കാള്‍ സമ്പന്നര്‍ ഓരോ വര്‍ഷവും ഇരു രാജ്യങ്ങളിലും ഉണ്ടാകുന്നുണ്ട്. മാത്രമല്ല, ജീവിത നിലവാരം ഉയരുകയാണെങ്കില്‍ രാജ്യം വിട്ടവര്‍ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Similar News