അക്കൗണ്ട് റദ്ദാക്കൽ: യു.പി.ഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി നിരവധി വ്യാപാരികൾ

നിർമ്മല സീതാരാമനും റിസർവ് ബാങ്കിനും വ്യാപാരികളുടെ നിവേദനം

Update:2023-04-17 21:02 IST

സംസ്ഥാനത്ത് യു.പി.ഐ വഴി ഉപയോക്താക്കളിൽ നിന്ന് പണം വാങ്ങുന്നത് നിരവധി വ്യാപാരികൾ അവസാനിപ്പിച്ചു. പലരും കടകളിൽ നിന്ന് യു.പി.ഐ ക്യു.ആർ കോഡ് എടുത്തുമാറ്റി. കറൻസി ഇടപാട് മാത്രമേ ഇപ്പോൾ അവർ അംഗീകരിക്കുന്നുള്ളൂ. ചിലർ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കുന്നുണ്ട്.

ഗൂഗിൾ പേ വഴി സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്ന് പണം എത്തിയെന്ന പേരിൽ നിരവധി വ്യാപാരികളുടെ അക്കൗണ്ടുകൾ ഈയിടെ ബാങ്കുകൾ മരവിപ്പിച്ചിരുന്നു. ഇത് വലിയ ആശങ്കകൾക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് ഇനിമുതൽ യു.പി.ഐ വേണ്ടെന്ന തീരുമാനത്തിലേക്ക് വ്യാപാരികളെത്തിയത്.

മുന്നറിയിപ്പില്ലാതെ മരവിപ്പിക്കൽ

അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനോ പണമെടുക്കാനോ കഴിയാതെ ഇടപാടുകൾ തുടർച്ചയായി പരാജയപ്പെടുന്നത് കണ്ട് ചില വ്യാപാരികൾ ബാങ്കുകളുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട വിവരം മിക്കവരും അറിഞ്ഞത്. ഇക്കാര്യം ബാങ്ക് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടെന്നാണ് സൂചന. പൊലീസിന്റെയോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടല്‍ പോര്‍ട്ടല്‍ (എന്‍.സി.സി.ആര്‍.പി) വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബാങ്കുകള്‍ പറയുന്നു. സംശയാസ്പദമായ അക്കൗണ്ടില്‍ നിന്ന് പണം കൈപ്പറ്റിയ അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്.

നിർദേശം പുറത്തുനിന്ന്; കെണിയിലായി വ്യാപാരികൾ

ഗുജറാത്ത്,​ പഞ്ചാബ്,​ ഡൽഹി,​ കർണാടക,​ രാജസ്ഥാൻ,​ തെലങ്കാന,​ ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുള്ളത്.

ഇതിലേറെയും ബേക്കറികളും കൂൾബാറുകളും തട്ടുകടകളും ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളുടേതാണ്. അക്കൗണ്ട് മരവിപ്പിച്ചതോടെ മിക്കവരുടെയും കച്ചവടം താറുമാറായ സ്ഥിതിയിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല. അക്കൗണ്ട് മരവിപ്പിച്ചതോടെ ചെക്കുകളും മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മിക്ക കച്ചവടക്കാർക്കും ആകെയുള്ളത് ഒരു അക്കൗണ്ടാണ്. അത് മരവിപ്പിച്ചു. യു.പി.ഐ സ്വീകരിക്കാതെ വന്നതോടെ കച്ചവടം കുറഞ്ഞു. കേരളത്തിലെ കടകളിൽ പ്രതിദിനം ശരാശരി 20-25 ശതമാനം കച്ചവടവും യു.പി.ഐ വഴിയായിരുന്നു.

നിർമ്മലയ്ക്കും റിസർവ് ബാങ്കിനും നിവേദനം

സംശയാസ്പദമായ അക്കൗണ്ടിൽ നിന്ന് പണമെത്തിയെന്ന പേരിൽ വ്യാപാരികളുടെ അക്കൗണ്ട് പൂർണമായും അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും നിവേദനം നൽകിയിട്ടുണ്ട്.
സംശയസ്പാദമെന്ന് കണ്ട ഇടപാടും തുകയും മാത്രം മരവിപ്പിച്ച്,​ അക്കൗണ്ട് തുടർന്നും ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. വ്യാപാരികളിൽ നിന്നും മറ്റും പരാതികളും വിമർശനങ്ങളും വ്യാപകമാസ പശ്ചാത്തലത്തിൽ ഇക്കാര്യം കേന്ദ്രം പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.

Tags:    

Similar News