ഫ്‌ളിപ്കാര്‍ട്ടിനെ കടത്തിവെട്ടാന്‍ ആമസോണ്‍; പ്രൈം ഷോപ്പിംഗ് എഡിഷന് ₹399 വാര്‍ഷിക ഫീസ്
ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഫ്രീ ഡെലിവറിയുള്‍പ്പെടെ നിരവധി ഓഫറുകള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ഉത്സവ കാലമാണിത്. ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സും ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും വാശിക്ക് ഓഫര്‍ കൊടുക്കുകയാണ്. റീറ്റെയ്ല്‍ വിലയെക്കാള്‍ വന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാം എന്നത് കൊണ്ട് പല ഉല്‍പ്പന്നങ്ങളും ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്നുമുണ്ട്. എന്നാല്‍ 'പ്രിവിലേജ്ഡ്' ഉപഭോക്താക്കള്‍ക്ക് ഇതൊരു പ്രശ്‌നമേയല്ല.
ആമസോണ്‍ പ്രൈം, ഫ്‌ളിപ്കാര്‍ട്ട് പ്ലസ് 'പ്രിവിലേജ്' പായ്ക്കുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളവര്‍ക്ക് സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളാണുള്ളത്. അതിനായി വാര്‍ഷിക വരിസംഖ്യയും വച്ചിട്ടുണ്ട് ഈ ആപ്പുകള്‍. 499 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ ഈ പ്രിവിലേജ്ഡ് ഷോപ്പിംഗ് ആസ്വദിക്കാം. ഫ്‌ളിപ്കാര്‍ട്ടും ആമസോണും പ്രിവിലേജ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ കണ്ട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്താണ് പലരും ഈ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നത്. അത്‌കൊണ്ട് തന്നെ ഫ്‌ളിപ്കാര്‍ട്ടിന്റെ വരി സംഖ്യയെക്കാള്‍ 100 രൂപ കുറച്ച് പ്രൈം ഷോപ്പിംഗ് എഡിഷന്‍ പായ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍.
399 രൂപ
ഒരു വര്‍ഷത്തേക്കുള്ള പ്രൈം ഷോപ്പിംഗ് എഡിഷന് 399 രൂപ നല്‍കിയാല്‍ ഫ്രീ ഡെലിവറി, അതിവേഗ ഡെലിവറി, സൗജന്യങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാം. മാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈനിലുള്ള ഡിസ്‌പ്ലേയുള്‍പ്പെടെ എല്ലാം ഇവര്‍ക്ക് വ്യത്യസ്തമായിരിക്കും. പ്രൈം എഡിഷന്‍ പായ്ക്ക് അവതരിപ്പിച്ചതിലൂടെ ആമസോണിലേക്ക് ധാരാളം പുതിയ വരിക്കാരെത്തുന്നതിന്റെ വരുമാനവും കൂടും.
ഒ.ടി.ടി. പ്ലാറ്റ്ഫോം പ്രൈം വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് ആപ്പ് പ്രൈം മ്യൂസിക്, പ്രൈം റീഡിംഗ്, പ്രൈം ഗെയിമിംഗ് എന്നിവയിലേക്കുള്ള ആക്സസ് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ആമസോണ്‍ സ്റ്റാന്‍ഡേര്‍ഡ് പ്രൈം സബ്സ്‌ക്രിപ്ഷന് തുടക്കത്തില്‍ 1,499 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 999 രൂപയ്ക്കാണ് ആമസോണ്‍ പ്രൈം സ്റ്റാന്‍ഡേര്‍ഡ് പായ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്.