ചെലവ് ചുരുക്കല്‍: ഹോള്‍സെയില്‍ ബിസിനസും അടച്ചുപൂട്ടി ആമസോണ്‍

ആമസോണ്‍ ഈ മാസം പുറത്തുവിട്ട മൂന്നാമത്തെ ബിസിനസ് പൂട്ടല്‍ അറിയിപ്പാണ് ഇത്

Update: 2022-11-29 07:15 GMT

ഇന്ത്യയിലെ മൊത്തവിതരണ ബിസിനസ് അവസാനിപ്പിക്കുന്നുവെന്ന് ആമസോണ്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ആമസോണ്‍ ഇന്ത്യയിലെ മൂന്നാമത്തെ ബിസിനസ് അടച്ചുപൂട്ടലാണ് ഏറ്റവുമൊടുവിൽ പുറത്തുവിട്ടിരിക്കുന്നത്.  ആമസോണ്‍ എഡ്‌ടെക് സ്ഥാപനമായ ആമസോണ്‍ അക്കാദമി, ആമസോണ്‍ ഫുഡ് ഡെലിവറി ബിസിനസ് എന്നിവ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മൊത്ത വിതരണ ബിസിനസ് അവസാനിപ്പിക്കുന്നുവെന്ന് കമ്പനി അറിയിച്ചത്.

ആമസോണിന്റെ മൊത്ത വിതരണ ബിസിനസ് നിലവില്‍ ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസികള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ തുടങ്ങിയ പ്രാദേശിക ഷോപ്പുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്ന സര്‍വീസാണിത്.
ഇന്‍-ആക്റ്റീവ് ബിസിനസുകള്‍ അവസാനിപ്പിക്കുക മാത്രമല്ല, ജീവനക്കാരെ വന്‍ തോതില്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു ആമസോണ്‍. ഏകദേശം 10,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഫുഡ് ഡെലിവറി സര്‍വീസ് നിര്‍ത്തലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതും ഈ വാരമാണ്. ബംഗളൂരു ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി സേവനം ഡിസംബര്‍ 29 മുതല്‍ നിര്‍ത്തും. എന്നാൽ, കമ്പനി അതിന്റെ എഡ്-ടെക് വിഭാഗമായ ആമസോണ്‍ അക്കാദമി 2023 ഓഗസ്റ്റ് മുതല്‍ ആയിരിക്കും നിര്‍ത്തലാക്കുക.


Tags:    

Similar News