മദ്യം വില്‍ക്കാന്‍ ആന്ധ്രയില്‍ പുതിയ സംവിധാനം; ഇഷ്ട ബ്രാന്റുകള്‍ ഇനി കിട്ടാതെ വരില്ല

മദ്യ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 20,000 കോടി വരുമാനം

Update:2024-10-16 21:05 IST

ഇഷ്ടപ്പെട്ട മദ്യ ബ്രാന്റുകള്‍ കിട്ടാത്ത അവസ്ഥ ഇനി ആന്ധ്രപ്രദേശില്‍ ഉണ്ടാകില്ല. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള ബ്രാന്റുകള്‍ മദ്യഷോപ്പുകളില്‍ ഉറപ്പാക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കും. ഡിമാന്റ് കൂടുതലുള്ള ബ്രാന്റുകള്‍ എതെന്ന് അറിയുന്നതിനുള്ള കമ്പ്യൂട്ടര്‍ മോഡല്‍ പദ്ധതിയാണിതെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആവശ്യക്കാര്‍ കൂടുതലുള്ള ബ്രാന്റുകള്‍ സംഭരിച്ചു വെക്കുന്നതിനുള്ള സംവിധാനമാണിത്. വിപണിയുടെ ട്രെന്റുകള്‍ മനസിലാക്കിയായിരിക്കും ബ്രാന്റുകളുടെ സംഭരണം. അതേ സമയം, ഡിമാന്റ് കുറഞ്ഞ ബ്രാന്റുകളും ഷോപ്പുകളില്‍ ലഭ്യമാക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍.

ലക്ഷ്യമിടുന്നത് 20,000 കോടി

മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മദ്യവരുമാനം കൂട്ടുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സാമ്പത്തിക വര്‍ഷം 20,000 കോടി രൂപയുടെ വരുമാനമാണ് പുതിയ മദ്യഷോപ്പുകളുടെ ലൈസന്‍സിലൂടെയും മദ്യവില്‍പ്പനയിലൂടെയും ലക്ഷ്യമിടുന്നത്.3,396 പുതിയ മദ്യഷോപ്പുകളാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനുവദിച്ചത്. 90,000 ഷോപ്പുകള്‍ക്കുള്ള അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. അപേക്ഷ ഫീസ് ഇനത്തില്‍ മാത്രം 1,800 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. 21 വയസ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്, തിരിച്ച് കിട്ടാത്ത 2 ലക്ഷം രൂപ ഫീസോടു കൂടി മദ്യ ഷോപ്പുകള്‍ക്ക് അപേക്ഷിക്കാമെന്നാണ് നിയമം. പുതിയ മദ്യനയം നടപ്പാക്കുന്നതിന് മുമ്പായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു. മദ്യഷോപ്പുകളില്‍ പണത്തിന് പകരം ഡിജിറ്റല്‍ പെയ്‌മെന്റ് നടപ്പാക്കിയത് ഗുണകരമാണെന്നാണ് ആന്ധ്രയിലെ അനുഭവം. ജൂണ്‍ മാസം മുതല്‍ ഡിജിറ്റല്‍ പെയ്‌മെന്റുകളില്‍ ഒമ്പത് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

(നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)


Tags:    

Similar News