ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണ്‍ - റിലയന്‍സ് പോര് ശക്തമാകും

ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണും റിലയന്‍സും തമ്മില്‍ ഈ വര്‍ഷം മത്സരം ശക്തമാകും

Update: 2021-01-02 07:56 GMT

ഉപയോക്താക്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഇക്കോസിസ്റ്റം സൃഷ്ടിച്ചു ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി ആമസോണും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍) തമ്മില്‍ നടക്കുന്ന പോരാട്ടം ഈ വര്‍ഷം കൂടുതല്‍ ശക്തമാകും എന്ന് വിദഗ്ധര്‍ കരുതുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, റിലയന്‍സിനെ പോലെ തന്നെ ആമസോണ്‍ ഇതിനായി നിരവധി കമ്പനികളില്‍ നിക്ഷേപം നടത്തുകയാണ്. ഫിന്‍ടെക് കമ്പനികളായ അക്കോ, ക്യാപിറ്റല്‍ ഫ്‌ളോട്ട്, എംവാന്റേജ്, ടോണ്‍ടാഗ്, വില്‍പ്പനക്കാരായ കഌഡ്‌ടെയില്‍, അപ്പാരിയോ, ധനകാര്യ സേവന കമ്പനിയായ ബാങ്ക്ബസാര്‍, പുസ്തക പ്രസാധകരായ വെസ്റ്റ് ലാന്‍ഡ്, ഹോം സര്‍വീസസ് കൊടുക്കുന്ന ഹൗസ്‌ജോയ്, ബസ് അഗ്രഗേറ്റരായ ഷട്ടില്‍, ഓള്‍ ഇന്‍ വണ്‍ അഗ്രഗേറ്റര്‍ അപ്ലിക്കേഷന്‍ ടാപ്‌സോ എന്നിവ ഇങ്ങനെ ആമസോണ്‍ നിക്ഷേപം നടത്തിയ കമ്പനികളില്‍ പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഓണ്‍ലൈന്‍ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍, ഫുഡ് ഡെലിവറി, ഇഫാര്‍മസി, വിദ്യാഭ്യാസം എന്നിവയിലേക്ക് ആമസോണ്‍ തങ്ങളുടെ സര്‍വീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

റിലയന്‍സാകട്ടെ ആമസോണ്‍ ഫാര്‍മസിയെ ചെറുക്കുന്നതിനായി ഓണ്‍ലൈന്‍ ഫാര്‍മസിയായ
നെറ്റ്‌മെഡ്‌സില്‍ നിക്ഷേപം നടത്തി. കൂടാതെ ആമസോണ്‍ ഫുഡിനെ നേരിടാന്‍ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പ് ഗ്രാബ് വാങ്ങി. പിന്നെ ജിയോ ടിവിയും സിനിമയും പുറത്തിറക്കി. മ്യൂസിക് സ്ട്രീമിംഗില്‍ ആമസോണിനെ നേരിടുന്നതിനായി സാവണ്‍ എന്ന ആപ്ലിക്കേഷന്‍ സ്വന്തമാക്കി.

''ഇകൊമേഴ്‌സ് താരങ്ങളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഇന്ത്യയിലെക്കു വേണ്ട ഓഫ്‌ലൈന്‍ റീട്ടെയില്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ, ആമസോണും അലിബാബയും അവരുടെ ഓണ്‍ലൈന്‍ടുഓഫ്‌ലൈന്‍ തന്ത്രം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്,'' കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ഗരിമ മിശ്ര പറഞ്ഞു.

തങ്ങളുടെ ഓഫ്‌ലൈന്‍ കാല്‍പ്പാടുകള്‍ സ്വന്തം സ്വകാര്യ ലേബലുകള്‍ക്കായി ഉപയോഗിക്കാന്‍ ആമസോണ്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് ആമസോണ്‍ ബേസിക്‌സും ആമസോണിന്റെ തന്നെ പ്രോല്‍, ജസ്റ്റ് എഫ് എന്നീ സ്ഥാപനങ്ങളും എയര്‍ കണ്ടിഷണേഴ്‌സ്, എച്ച്ഡിഎംഐ കേബിളുകള്‍, ബാറ്ററികള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള മറ്റു സാധനങ്ങള്‍, വസ്ത്ര ലേബലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ സ്‌റ്റോറുകള്‍ പലചരക്ക് ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയ്കും ആമസോണ്‍ ഉപയോഗിച്ചേക്കാം.

ഇന്ത്യയുടെ 33 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ വിപണിയില്‍, ആമസോണും ഫ്‌ലിപ്കാര്‍ട്ടും 81% വിപണി വിഹിതം നിലവില്‍ നിയന്ത്രിക്കുന്നു. 2020ല്‍ ഈ മേഖലയില്‍ റിലയന്‍സിന്റെ വിപണി വിഹിതം 1% മാത്രമായി കണക്കാക്കപ്പെടുന്നു.

2013ല്‍ ഇന്ത്യന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ആമസോണ്‍, സപ്ലൈ ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്താനും, ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനുമുള്ള നിക്ഷേപത്തിന് ഊന്നല്‍ കൊടുത്തു. 2016 ജൂലൈയില്‍ സമാരംഭിച്ച ആമസോണ്‍ െ്രെപം, ഉപഭോക്താക്കളുടെ ചില്ലറ ആവശ്യങ്ങള്‍ക്കായി മാത്രമല്ല, വീഡിയോ (പ്രൈം), പേയ്‌മെന്റ് സൊല്യൂഷനുകള്‍ (ആമസോണ്‍ പേ) എന്നിവയുള്‍പ്പെടെയുള്ള ഒരു വണ്‍ സ്‌റ്റോപ്പ് ഷോപ്പായി മാറ്റാനുള്ള ആമസോണിന്റെ ശ്രമത്തിന്റെ ഭാഗമാണ്. കൂടാതെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ (അലക്‌സാ, ഫയര്‍സ്റ്റിക്ക് എന്നിവ ), ടിക്കറ്റിംഗ് (ട്രെയിന്‍, എയര്‍ ബുക്കിംഗ്) എന്നിവ ആമസോണ്‍ കാര്യക്ഷമമാക്കി.

ഓഫ്‌ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ആമസോണ്‍ കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയിലെ വെയര്‍ഹൗസിംഗ് ശേഷി 20 ശതമാനം വര്‍ധിപ്പിച്ചു 32 ദശലക്ഷം ഘനയടിയാക്കിയതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ 15 സംസ്ഥാനങ്ങളിലായി 60 ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ (എഫ്‌സി) പ്രവര്‍ത്തിക്കുന്നു. കൂടാതെ ഉല്‍പ്പന്ന ശേഖരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന 'റിസീവ് സെന്ററുകള്‍' കമ്പനി അടുത്തിടെ ആരംഭിച്ചു.

ലോജിസ്റ്റിക്‌സിലും സപ്ലൈ ചെയിനിലും നിക്ഷേപം നടത്താന്‍ റിലയന്‍സും ലക്ഷ്യമിടുന്നു. എന്നാല്‍, പലചരക്ക് ഒഴികെ, മൊത്തത്തിലുള്ള ഓണ്‍ലൈന്‍ ബിസിനസില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയ്ക്ക് റിലയന്‍സ് ശക്തമായ വെല്ലുവിളിയാകുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ആദ്യം കളത്തില്‍ ഇറങ്ങായതിന്റെ നേട്ടം ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവയ്ക്കുണ്ട്.

ആമസോണ്‍ അതിന്റെ പോര്‍ട്ട്‌ഫോളിയോ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാഷന്‍ മേഖലയില്‍ ഇവര്‍ പിന്നിലാണെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. മൈന്ത്ര / ജബോംഗ്, ഫ്‌ലിപ്കാര്‍ട്ടിന്റെ ഫാഷന്‍ ബിസിനസ്സ് എന്നിവ ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയുടെ 60% ത്തിലധികം നിയന്ത്രിക്കുന്നു.

'ആമസോണ്‍ ഇന്ത്യയില്‍ താരതമ്യേന ദുര്‍ബലമായ ചുരുക്കം ചില മേഖലകളില്‍ ഒന്നാണ് ഓണ്‍ലൈന്‍ ഫാഷന്‍, ഇവിടെ പോര്‍ട്ട്‌ഫോളിയോ മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍, ആമസോണ്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവന മൂല്യം ഉയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ബോഫ ഗ്ലോബല്‍ റിസര്‍ച്ച് ഒരു കുറിപ്പില്‍ പറഞ്ഞു.


Tags:    

Similar News