ഇനി സേവനം, അതിവേഗം തൊട്ടരികിലെത്തിക്കാന്‍ ബിഗ്ബാസ്‌ക്കറ്റ്
ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കലിന് പിന്നാലെ എക്‌സ്പ്രസ് ഡെലിവറി സംവിധാനം ഒരുക്കുന്നതിനും കൂടുതല്‍ പ്രാദേശിക തലത്തിലേക്ക് വ്യാപിക്കാനും ഒരുങ്ങുകയാണ് കമ്പനി
രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റ് തങ്ങളുടെ സേവനം കൂടുതല്‍ പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാനും അതിവേഗ സര്‍വീസ് നടത്താനും പദ്ധതിയിടുന്നു. അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ അതിവേഗത്തില്‍ ഡെലിവറി ലഭ്യമാക്കുന്ന സേവനം തുടങ്ങുമെന്നാണ് സഹസ്ഥാപകരായ ഹരി മേനോന്‍, വിപുല്‍ പരേഖ് എന്നിവര്‍ പറയുന്നത്.
നേരത്തെ ഇത്തരത്തിലുള്ള പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പാലിയിരുന്നില്ല. ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് 1.2 ശതകോടി ഡോളര്‍ മുടക്കി ബിഗ്ബാസ്‌ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം. കൂടുതല്‍ പ്രാദേശിക തലങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രാദേശിക ഭാഷകള്‍ കൂടി സപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കുന്നുണ്ട്.
അതിവേഗ സേവനത്തിനായി പ്രത്യേക ആപ്ലിക്കേഷന്‍ തന്നെ പുറത്തിറക്കാനും ടാറ്റ ഡിജിറ്റല്‍ പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 1.6 മുതല്‍ 1.7 ശതകോടി ഡോളറിന്റെ വില്‍പ്പനയാണ് ബിഗ്ബാസ്‌ക്കറ്റ് നടത്തിയിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.1 ശതകോടി ഡോളറായിരുന്നു.
പ്രാദേശിക തലത്തില്‍ കൂടുതല്‍ വെയര്‍ഹൗസുകള്‍ സ്ഥാപിച്ചും കോള്‍ ചെയ്ന്‍ കൂടുതല്‍ കാര്യക്ഷമമാക്കിയും ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിപടിക്കലെത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതിവേഗ ഡെലിവറി ലക്ഷ്യമിട്ട് 2015 ല്‍ ബിഗ്ബാസ്‌ക്കറ്റ്, ഡെലിവര്‍ എന്ന എക്‌സ്പ്രസ് ഡെലവറി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തിരിന്നെങ്കിലും വിജയമായില്ല. ടാറ്റ സണ്‍സിന് കീഴിലുള്ള ടാറ്റ ഡിജിറ്റല്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു നീക്കം. 1എംജി എന്ന ഓണ്‍ലൈന്‍ ഫാര്‍മസിയെ ഏറ്റെടുത്ത ടാറ്റ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ എക്‌സ്പ്രസ് ഡെലിവറി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 1എംജിയുടെ വിതരണ ശൃംഖല കൂടി ബിഗ്ബാസ്‌ക്കറ്റിന്റെ അതിവേഗ ഡെലവറിക്കായി ഉപയോഗിക്കാമെന്നാണ് കണക്കൂകൂട്ടല്‍.
ബിഗ്ബാസ്‌ക്കറ്റിന്റെ ശരാശരി ഓഡര്‍ വാല്യു 150-160 രൂപയാണ്. ഡെലിവറി കോസ്റ്റ് അഞ്ചു രൂപയും. ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് കമ്പനി പറയുന്നത്.
ഈ മേഖലയില്‍ കടുത്ത മത്സരമാണ് ബിഗ്ബാസ്‌ക്കറ്റ് നേരിടുന്നത്. ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും പുറമേ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ജിയോ കൂടി എത്തുന്നതോടെ മത്സരം കൂടുതല്‍ കടുത്തതാകുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഇ ഗ്രോസറി വിഭാഗത്തില്‍ 37 ശതമാനം വിപണി പങ്കാളിത്തം ബിഗ്ബാസ്‌ക്കറ്റിനുണ്ട്. ആമസോണ്‍ (15 ശതമാനം), ഗ്രോഫേഴ്‌സ് (13 ശതമാനം), ഫ്‌ളിപ്പ്കാര്‍ട്ട് (11 ശതമാനം), റിലയന്‍സ് ജിയോമാര്‍ട്ട് (4 ശതമാനം) എന്നിവയാണ് പിന്നിലുള്ളത്. 2025 ഓടെ ഇന്ത്യന്‍ ഇ ഗ്രോസറി വിപണി 22 ശതകോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്.