₹ 22,000 കോടിയുടെ 65 കപ്പലുകളുടെ ഓർഡറുകള്‍, ഹരിത കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്

മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകളായിരിക്കും കൊച്ചിൻ ഷിപ്പ്‌യാർഡ് നിര്‍മ്മിക്കുക

Update:2024-09-23 16:20 IST

Image Courtesy : Cochin Shipyard

ഗ്രീൻ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആധുനിക കപ്പലുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാതാക്കളായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ). കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന കാർബൺ ബഹിര്‍ഗമനത്തെക്കുറിച്ചുളള ആശങ്കകൾ ആഗോള വ്യാപകമായി വര്‍ധിക്കുന്നതിനിടെയാണ് ഈ നീക്കം.

മലിനീകരണം കുറഞ്ഞ കപ്പലുകള്‍

മെഥനോൾ, വൈദ്യുതി, ഗ്രീൻ ഹൈഡ്രജൻ, ഹൈബ്രിഡ് ബാറ്ററികൾ തുടങ്ങിയ മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകളായിരിക്കും കൊച്ചിൻ ഷിപ്പ്‌യാർഡ് നിര്‍മ്മിക്കുകയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ 'മിന്റി'നോട് പറഞ്ഞു.
ജർമ്മനി, നോർവേ, സൈപ്രസ്, നെതർലൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങള്‍ക്കടക്കം 14 നാവിക കപ്പലുകളും 22 തീരദേശ കപ്പലുകളും സി.എസ്.എല്‍ നിർമ്മിക്കുന്നതാണ്. കൂടാതെ ഇന്ത്യന്‍ നാവിക സേനയ്ക്കായും കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 65 കപ്പലുകൾക്കായി 22,000 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന ഓർഡർ ബുക്കിംഗാണ് സി.എസ്.എല്ലിന് നിലവിലുളളത്.
'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന പദ്ധതിക്ക് കീഴിലാണ് സി.എസ്.എല്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. ചെറിയ കപ്പലുകളെ ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിപ്പിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ ഇതിനോടകം കൊച്ചിൻ ഷിപ്പ്‌യാർഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു ഫെറി വാരണാസിയിലെ ഉൾനാടൻ ജലപാതകളിൽ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ഭാവിയിൽ ഈ ഹരിത കപ്പലുകളുടെ വാണിജ്യ ഉൽപ്പാദനം നടത്തുന്നതാണെന്നും മധു എസ്. നായർ പറഞ്ഞു.

3,000 കോടിയുടെ നിക്ഷേപം

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സിഎസ്എല്ലിന്റെ പ്രധാന കപ്പൽ നിർമ്മാണ കേന്ദ്രം കൊച്ചിയിലാണ്. കൂടാതെ മുംബൈ, കൊൽക്കത്ത, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ മൂന്ന് ചെറിയ കപ്പൽ നന്നാക്കൽ യൂണിറ്റുകളും സിഎസ്എല്ലിനുണ്ട്. ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയ കപ്പലുകളുടെ നിര്‍മ്മാണം നടത്തുന്നതിനുമാണ് കൊച്ചിയിലെ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
310 മീറ്റർ നീളമുള്ള പുതിയ ഡ്രൈ ഡോക്കിന്റെയും അന്താരാഷ്ട്ര നിലവാരത്തിലുളള കപ്പൽ നന്നാക്കൽ സൗകര്യത്തിന്റെയും ജോലികൾ പൂർത്തിയാക്കാൻ കമ്പനി ഈ വർഷം 3,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രെഡ്ജറായ ഡി.സി.ഐ ഡ്രെഡ്ജ് ഗോദാവരിയുടെ കീൽ സി.എസ്.എല്‍ സ്ഥാപിച്ചത് ഈ മാസമാദ്യമാണ്. 12,000 ക്യുബിക് മീറ്റർ ഹോപ്പർ കപ്പാസിറ്റിയുള്ള ഈ ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ (TSHD) ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനായാണ് നിർമ്മിക്കുന്നത്.
ഡി.സി.ഐ ഡ്രെഡ്ജ് ഗോദാവരി നെതർലാൻഡ്‌സിലെ റോയൽ ഐ.എച്ച്.സിയുടെ സഹകരണത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, ഈ ഡ്രെഡ്ജർ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് സാങ്കേതികമായി ഏറ്റവും നൂതനമായ ഡ്രെഡ്ജർ ആയിരിക്കും.
Tags:    

Similar News