ഫിസിക്കല്‍ റീറ്റെയ്ല്‍ ഷോറൂം തുറക്കാനൊരുങ്ങി ഫേസ്ബുക്ക്
ഇതാദ്യമായി ഫിസിക്കല്‍ റീറ്റെയ്ല്‍ ഷോറൂം തുറക്കാനൊരുങ്ങുകയാണ് സോഷ്യല്‍മീഡിയ ഭീമനായ ഫേസ്ബുക്ക്. അടുത്ത മാസം തുറക്കുന്ന മെറ്റ ലൊക്കേഷനില്‍ വി ആര്‍ ഹെഡ്‌സെറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവയാകും വില്‍പ്പനയ്ക്കുണ്ടാകുക.
കാലിഫോര്‍ണിയക്കടുത്ത് ബര്‍ലിംഗെയിമിലാണ് ഫേസ്ബുക്ക് തങ്ങളുടെ ആദ്യ ഫിസിക്കല്‍ ഷോറൂം (Facebook Physical Retail Showroom) തുറക്കുന്നത്. മേയ് 9ന് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. വിആര്‍ ഹെഡ് സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും പുറമേ ഷോര്‍ട്ട് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സഹായിക്കുന്ന പോര്‍ട്ടല്‍ വീഡിയോ ചാറ്റ് ഉപകരണവും വില്‍പ്പനയ്ക്കുണ്ടാകും. അടുത്തിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ കമ്പനി പേര് മെറ്റ എന്ന് മാറ്റിയത്. കേവലം ഇന്റര്‍നെറ്റുകളിലോ ആപ്പുകളിലോ ഒതുങ്ങാതെ ജനങ്ങള്‍ക്ക് വി ആര്‍ ഹെഡ്‌സെറ്റ് ഉള്‍പ്പടെയുള്ള പലതരം ഡിവൈസുകളിലൂടെ പരസ്പരം സംവദിക്കാവുന്ന, ഗെയിം ആസ്വദിക്കാവുന്ന, ജോലികള്‍ ചെയ്യാവുന്ന, സിനിമകളും മറ്റും കാണാവുന്ന ഒരു ത്രീഡി വെര്‍ച്വല്‍ ലോകം അഥവാ മെറ്റവേഴ്‌സ് സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായിരുന്നു പേരുമാറ്റം. അതിനു പിന്നാലെയാണ് ഫിസിക്കല്‍ ഷോറൂം തുറക്കുന്നത്.