ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കാന്‍ വമ്പന്‍മാര്‍ വരെ

അമേരിക്കയിലെയും യു.കെയിലെയും വമ്പന്‍ കമ്പനികളും കടത്തില്‍ മുങ്ങിയ കമ്പനിയെ ഏറ്റെടുക്കാന്‍ രംഗത്തുണ്ട്

Update:2023-04-11 16:46 IST

കടത്തില്‍ മുങ്ങിയ പ്രമുഖ ചില്ലറ വ്യാപാര കമ്പനിയായ ഫ്യൂച്ചര്‍ റീറ്റെയ്ലിനെ ഏറ്റെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 49 കമ്പനികള്‍ രംഗത്ത്. ഓഹരി എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പട്ടികയില്‍ റിലയന്‍സ് റീറ്റെയ്ല്‍, അദാനിക്ക് പങ്കാളിത്തമുള്ള ഏപ്രില്‍ മൂണ്‍ റീറ്റെയ്ല്‍ അടക്കമുള്ള വമ്പന്‍ കമ്പനികള്‍ക്കൊപ്പം നിരവധി ആക്രി, റീസൈക്ലിങ് കമ്പനികളുമുണ്ട്. വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഭീമമായ വായ്പകള്‍ തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി പാപ്പരത്തം പ്രഖ്യാപിച്ചത്.

കോടതി നിയോഗിച്ച അധികാരി കമ്പനി വില്‍ക്കുന്ന അറിയിപ്പ് നല്‍കി താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യ റൗണ്ടില്‍ പ്രതികരണം മോശമായത് കൊണ്ട് വീണ്ടും താല്‍പര്യമുള്ളവരെ ക്ഷണിക്കുകയായിരുന്നു.

വീണ്ടും റിലയന്‍സിന്റെ കൈയ്യിലാകുമോ?

നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അസ്തികള്‍ 24,700 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ റിലയന്‍സ് ധാരണയിലെത്തിയിരുന്നെങ്കിലും 2022 ഏപ്രിലില്‍ പിന്മാറുകയായിരുന്നു. ഫ്യൂച്ചറില്‍ 49 ശതമാനം നിക്ഷേപമുള്ള ആമസോണ്‍ നല്‍കിയ കേസുകളെ തുടര്‍ന്നായിരുന്നു റിലയന്‍സിന്റെ തീരുമാനം. റിലയന്‍സ് കൂടാതെ അദാനി കമ്പനിക്ക് പങ്കാളിത്തമുള്ള ഏപ്രില്‍ മൂണ്‍ റീറ്റെയ്ല്‍, ജിന്‍ഡാല്‍ പവര്‍, യു കെ കമ്പനിയായ ഡബ്ല്യൂ എച്ച് സ്മിത്ത്, അമേരിക്കന്‍ കമ്പനിയായ ഗോര്‍ഡന്‍ ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.

Tags:    

Similar News