പ്രതിവര്‍ഷം പുതുതായി 130 സ്‌റ്റോറുകള്‍; ഗോ ഫാഷന്റെ പദ്ധതികള്‍
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനി രേഖപ്പെടുത്തിയത്
രാജ്യത്തെ വസ്ത്ര വിപണിയില്‍ (Clothing Company) പുതിയ നീക്കങ്ങളുമായി സ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് (Go Fashion Limited). പ്രതിവര്‍ഷം പുതുതായി 120-130 സ്റ്റോറുകള്‍ തുറന്ന് രാജ്യത്ത് സാന്നിധ്യം ശക്തമാക്കുകയാണ് ഗോ കളേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡിന്റെ ലക്ഷ്യം.
സ്ത്രീകളുടെ അടിവസ്ത്ര വിപണിയില്‍ ഏകദേശം എട്ട് ശതമാനം പങ്കാളിത്തമുള്ള കമ്പനി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 24.4 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 19 കോടി രൂപയുടെ അറ്റനഷ്ടത്തില്‍നിന്ന് വന്‍ കുതിപ്പാണ് ജൂണ്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ 35.6 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള ലാഭം. അവലോകന പാദത്തിലെ മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 31 കോടിയില്‍ നിന്ന് 165.2 കോടി രൂപയായും ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളരെ ശക്തമായ പ്രകടനമാണ് രേഖപ്പെടുത്തിയതെന്ന് ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ്, സിഇഒ ഗൗതം സരോഗി പറഞ്ഞു.
ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ 12,177 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു പുതിയ വെയര്‍ഹൗസിംഗ് സൗകര്യവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്.