സ്വര്‍ണ അഭിനിവേശത്തില്‍ ഇന്ത്യയെ കടത്തിവെട്ടി ചൈന; വിലയും കുതിക്കുന്നു

സ്വര്‍ണത്തിന് ഒരുപാട് ആകര്‍ഷകമായ ഘടകങ്ങളുണ്ട്

Update: 2024-04-21 03:13 GMT

Image : Canva

ഇന്ത്യയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ചൈന സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ചൈനയില്‍ 2023ല്‍ ഉപഭോഗവസ്തു എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 10 ശതമാനം ഉയര്‍ന്നപ്പോള്‍ നിക്ഷേപമെന്ന നിലയിലെ വര്‍ധന 28 ശതമാനമാണ്.
അതേസമയം ഇന്ത്യയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് കുറഞ്ഞു. പക്ഷേ, നിക്ഷേപമെന്ന നിലയിലെ ആവശ്യകത കൂടി. സ്വര്‍ണ ഉപഭോഗത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.
ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതിലും വിലയില്‍ ചാഞ്ചാട്ടങ്ങള്‍ കൊണ്ടുവരുന്നതിലും കേന്ദ്ര ബാങ്കുകള്‍ക്ക് പുറമേ പ്രധാനപങ്ക് വഹിക്കുന്നവരാണ് ഇന്ത്യയിലെയും ചൈനയിലെയും അതിസമ്പന്നര്‍. ഉദാഹരണത്തിന്, 2022ല്‍ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ ഏതാണ്ട് ഒരു ദശാബ്ദത്തിലെ ശരാശരികണക്കായ 500 ടണ്ണില്‍ നിന്ന് 1,000 ടണ്ണായി കുതിച്ചുയര്‍ന്നിരുന്നു. 2023ല്‍ ആഗോളതലത്തിലെ സ്വര്‍ണ ഡിമാന്‍ഡ് 4,448 ടണ്ണായിരുന്നു. അതില്‍ 959 ടണ്ണും ചൈനയുടെ സംഭാവനയായിരുന്നു.
ഇലക്ട്രോണിക്‌സിലെ പൊന്ന്
സ്വര്‍ണത്തിന് ഒരുപാട് ആകര്‍ഷകമായ ഘടകങ്ങളുണ്ട്. ആഭരണ നിര്‍മാണത്തിന് മുതല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് വരെ ഉപയോഗിക്കുന്ന ഏക കമോഡിറ്റി സ്വര്‍ണമാണ്. ലോകമെമ്പാടും നിക്ഷേപമെന്ന നിലയിലും സമ്പാദ്യമെന്ന നിലയിലും സ്വര്‍ണത്തിന് സ്വീകാര്യത കൂടുതലാണ്.
ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുമ്പോഴും പണപ്പെരുപ്പം കൂടുമ്പോഴുമെല്ലാം സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ തന്നെ തുടരുന്നു. ''സ്വര്‍ണത്തോടുള്ള അഭിനിവേശം സ്വര്‍ണത്തിനു വേണ്ടിയുള്ളതല്ല. അത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും നേട്ടങ്ങളിലേക്കുമുള്ള ഒരു വഴിയാണ്,'' ഏറെക്കാലം മുമ്പ് റാല്‍ഫ് വാള്‍ഡോ എമേഴ്‌സണ്‍ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്.
വിലയും കുതിക്കുന്നു
കേന്ദ്രബാങ്കുകള്‍ ഈ വര്‍ഷം മുതല്‍ അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കുമെന്ന വിലയിരുത്തല്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഓഹരി വിപണികള്‍ നേരിടുന്ന തളര്‍ച്ച എന്നിവമൂലം സ്വര്‍ണവില ആഗോളതലത്തില്‍ തന്നെ റെക്കോഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ്. കഴിഞ്ഞവാരം ഔണ്‍സിന് 2,335 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 2,390 ഡോളറില്‍.
കേരളത്തില്‍ പവന്‍വില 54,440 രൂപയിലും ഗ്രാം വില 6,805 രൂപയിലുമാണുള്ളത്. ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് കേരളത്തിലെ റെക്കോഡ് വില. വില പവന് ഈ വര്‍ഷാന്ത്യത്തോടെ 60,൦൦൦ രൂപ ഭേദിക്കുമെന്നാണ് വിലയിരുത്തലുകള്‍.


(ധനം മാഗസിന്റെ ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിച്ച ലക്കത്തിൽ നിന്ന്)​
Tags:    

Similar News