കേരളത്തിലെ സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; വെള്ളി വിലയും താഴോട്ട്

റെക്കോഡ് മുന്നേറ്റത്തിന് താത്കാലിക ബ്രേക്കിട്ട് സ്വര്‍ണവില

Update:2023-12-09 10:36 IST

Image : Canva

സംസ്ഥാനത്ത് ഈമാസാദ്യം ആഭരണപ്രേമികളെ ആശങ്കപ്പെടുത്തി പുത്തന്‍ റെക്കോഡിട്ട സ്വര്‍ണവില പിന്നീട് നേരിട്ടത് കനത്ത ഇടിവ്. ഈ മാസം നാലിന് പവന്‍ വില ചരിത്രത്തിലാദ്യമായി 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു. 5,885 രൂപയായിരുന്നു അന്ന് ഗ്രാം വില.

ഇന്ന് പവന്‍ വിലയുള്ളത് 45,720 രൂപയില്‍; ഗ്രാമിന് വില 5,715 രൂപ. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് ഇടിഞ്ഞത് 1,360 രൂപയാണ്; ഗ്രാമിന് 170 രൂപയും താഴ്ന്നു. ഇന്ന് മാത്രം ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിട്ടുണ്ട്.
വലിയ ആശ്വാസം
വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വിലയിടിവ് നല്‍കുന്നത് വലിയ ആശ്വാസമാണ്. സ്വര്‍ണാഭരണത്തിന് അതിന്റെ അടിസ്ഥാനവില കൂടാതെ പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി., എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസ് (45 രൂപയും 18 ശതമാനം ജി.എസ്.ടിയും) നല്‍കേണ്ടതുണ്ട്.
ഇതുപ്രകാരം, പവന് 47,080 രൂപയായിരുന്നപ്പോള്‍ ഉപയോക്താവ് നല്‍കേണ്ടിയിരുന്ന വില ഏറ്റവും കുറഞ്ഞത് 51,000 രൂപയായിരുന്നു. ഇപ്പോള്‍ പവന്‍ വില 45,720 രൂപയിലേക്ക് താഴ്ന്നതോടെ ആകെ നല്‍കേണ്ട വില 48,500-49,000 രൂപ നിലവാരത്തിലേക്കും കുറഞ്ഞിട്ടുണ്ട്. അതായത് 2,000 രൂപയോളം ആശ്വാസമാണ് ഈ വിലയിളവ് നല്‍കുന്നത്.
വെള്ളിക്കും വിലക്കുറവ്
വെള്ളി വില ഇന്ന് ഗ്രാമിന് രണ്ടുരൂപ താഴ്ന്ന് 78 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ താഴ്ന്ന് 4,730 രൂപയിലുമാണ് വ്യാപാരം. 
കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ രാജ്യാന്തര സ്വര്‍ണവില പിന്നീട് കുറഞ്ഞതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഔണ്‍സിന് 2,030 ഡോളറിന് മുകളിലായിരുന്ന വില ഇപ്പോഴുള്ളത് 2,004 ഡോളറിലാണ്.
Tags:    

Similar News