അല്‍പം ആശ്വാസം! മുന്നേറ്റത്തിന് ഇടവേളയിട്ട് സ്വര്‍ണത്തിന് വിലകുറഞ്ഞു, വെള്ളിവില കൂടി
കഴിഞ്ഞ 21ന് പവന്‍വില 49,440 രൂപയെന്ന സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു
ആഭരണ പ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ചെറിയ ആശ്വാസവുമായി സ്വര്‍ണവില ഇന്ന് നേരിയതോതില്‍ കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 6,125 രൂപയായി. 80 രൂപ കുറഞ്ഞ് 49,000 രൂപയിലാണ് പവന്‍ വ്യാപാരം.
കഴിഞ്ഞ 21ന് (March 21) കേരളത്തില്‍ ഗ്രാം വില 6,180 രൂപയും പവന്‍വില 49,440 രൂപയുമെന്ന സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,100 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ദ്ധിച്ച് 80 രൂപയിലെത്തി.
എന്തുകൊണ്ട് ഇന്ന് സ്വര്‍ണവില കുറഞ്ഞു?
ഡോളറിന്റെ വന്‍ മൂല്യക്കുതിപ്പാണ് സ്വര്‍ണവിലയെ തളര്‍ത്തിയത്. രാജ്യാന്തര സ്വര്‍ണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ സ്വര്‍ണം വാങ്ങുന്നതിന് കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില കുറയുന്നത്.
ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 83.43 വരെ എത്തിയിരുന്നു. രാജ്യാന്തര സ്വര്‍ണവിലയാകട്ടെ ഔണ്‍സിന് 16 ഡോളര്‍ ഇടിഞ്ഞ് 2,165 ഡോളറിലുമെത്തി. കഴിഞ്ഞവാരം വില 2,200 ഡോളര്‍ ഭേദിച്ചിരുന്നു.