സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇളക്കംതട്ടാതെ വെള്ളി
ആഗോള വിപണിയുടെ ചുവടുപിടിച്ച് തുടര്‍ച്ചയായ ഇടിവില്‍ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില കാഴ്ചവയ്ക്കുന്നത് തുടര്‍ച്ചയായ ഇടിവ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന് 5,780 രൂപയിലേക്കും കുറഞ്ഞു.
ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് താഴ്ന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 78 രൂപയിലാണ് ഇന്നും വ്യാപാരം.
എന്തുകൊണ്ട് വിലയിടിവ്?
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 2,045 ഡോളറായിരുന്ന രാജ്യാന്തര വില ഇന്ന് 2,036 ഡോളറിലേക്ക് താഴ്ന്നു.
ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്ര ആദായനിരക്ക്) 4 ശതമാനത്തിന് മുകളിലെത്തിയതാണ് സ്വര്‍ണത്തെ അനാകര്‍ഷകമാക്കിയത്. കടപ്പത്ര ആദായനിരക്ക് മുകളിലേക്ക് കയറിയതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിടുകയായിരുന്നു.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപകാലത്തൊന്നും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകളാണ് ബോണ്ടിന് തുണയായത്.