സ്വര്‍ണത്തിന് പിന്നെയും ചാഞ്ചാട്ടം; പവന്‍ വില വീണ്ടും ₹46,000ന് താഴെയായി
മാറ്റമില്ലാതെ വെള്ളി വില
സ്വര്‍ണവില വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. ഇന്നാകട്ടെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു.
46,200 രൂപയില്‍ നിന്ന് 45,840 രൂപയിലേക്കാണ് പവന്‍ വില ഇന്നിടിഞ്ഞത്. ഗ്രാം വില 5,775 രൂപയില്‍ നിന്ന് 5,730 രൂപയായും കുറഞ്ഞു. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,750 രൂപയിലാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 80 രൂപയിലാണ് കച്ചവടം നടക്കുന്നത്.
ചാഞ്ചാട്ടത്തിന് പിന്നില്‍
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയും ചാഞ്ചാടുന്നത്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ നിലനിറുത്തുകയും പലിശനിരക്ക് 2024ല്‍ കുറയ്ക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതോടെ ഡിസംബര്‍ 14ന് രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,040 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഡോളറും അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡും (കടപ്പത്രത്തില്‍ നിന്ന് കിട്ടുന്ന ആദായനിരക്ക്) ഇടിഞ്ഞതാണ് സ്വര്‍ണത്തിന് തിളക്കമേകിയത്.
തുടര്‍ന്ന്, ഓഹരി വിപണി വലിയ കുതിപ്പ് നടത്തിയതോടെ സ്വര്‍ണത്തിന്റെ തിളക്കം പൊടുന്നനേ കുറയുകയായിരുന്നു. നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് ഓഹരികളിലേക്ക് കൂടുമാറി. രാജ്യാന്തര വില ഇപ്പോഴുള്ളത് 2,019 ഡോളറിലാണ്.