പ്രിയം അമേരിക്കന്‍ ബോണ്ടിന്; സ്വര്‍ണവില പിന്നെയും കീഴോട്ട്, വെള്ളി വിലയും കുറഞ്ഞു
ഡോളര്‍ ശക്തിപ്പെടുന്നതും സ്വര്‍ണവിലയെ ബാധിക്കുന്നു
മികച്ച ഡിമാന്‍ഡിനെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ മുന്നേറിയ സ്വര്‍ണവില ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 4 ശതമാനത്തിനടുത്തേക്ക് താഴ്ന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീല്‍ഡ്) വീണ്ടും ഉയര്‍ന്നതും ഡോളറിന്റെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
കേരളത്തില്‍ ഇന്ന് ഗ്രാമിന് 20 രൂപ താഴ്ന്ന് വില 5,810 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 46,480 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 4,800 രൂപയിലെത്തി. ഏറെക്കാലം മാറ്റമില്ലാതെ നിന്ന വെള്ളവില ഇന്ന് ഗ്രാമിന് ഒരു രൂപ താഴ്ന്ന് 77 രൂപയുമായിട്ടുണ്ട്.
വിലയിലെ ചാഞ്ചാട്ടം
അമേരിക്കയില്‍ പുതിയ തൊഴിലുകളുടെ എണ്ണം ജനുവരിയില്‍ 3.53 ലക്ഷമായി വര്‍ധിച്ചതാണ് ബോണ്ട് യീല്‍ഡും ഡോളറിന്റെ മൂല്യവും കൂടാന്‍ വഴിയൊരുക്കിയത്. നിരീക്ഷകര്‍ പ്രവചിച്ചിരുന്ന പുതിയ തൊഴിലുകളുടെ എണ്ണം 1.80 ലക്ഷം മാത്രമായിരുന്നു.
കഴിഞ്ഞദിവസം ഔണ്‍സിന് 2,055 ഡോളറിനുമേല്‍ എത്തിയ രാജ്യാന്തര സ്വര്‍ണവില ഇതോടെ 2,039 ഡോളറിലേക്ക് താഴ്ന്നു. ഇത് കേരളത്തിലെ വിലയെ സ്വാധീനിക്കുകയായിരുന്നു. നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് വീണ്ടും ബോണ്ടുകളിലേക്ക് കൂടുമാറിയതാണ് വിലയിടിവിന് കളമൊരുക്കിയത്.