കേരളത്തില്‍ സ്വര്‍ണവില ഒരുമാസത്തെ താഴ്ചയില്‍; മാറാതെ വെള്ളി വില
$2,000ന് താഴേക്കിടിഞ്ഞ് രാജ്യാന്തര വില
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയായി. 20 രൂപ താഴ്ന്ന് 5,695 രൂപയിലാണ് ഗ്രാം വ്യാപാരം. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഈ മാസം നാലിന് രേഖപ്പെടുത്തിയ 5,885 രൂപയാണ് ഗ്രാം വിലയിലെ എക്കാലത്തെയും ഉയരം; അന്ന് പവന് 47,080 രൂപയുമായിരുന്നു. ആദ്യമായാണ് പവന്‍ വില 47,000 രൂപ കടന്നതും. പക്ഷേ, തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില നേരിട്ടത് ഇടിവാണ്.
ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1,560 രൂപ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പവന് 1,560 രൂപ കുറഞ്ഞു. 190 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
ഈ മാസമാദ്യം ഔണ്‍സിന് 2,140 ഡോളറിന് മുകളിലെത്തി റെക്കോഡിട്ട രാജ്യാന്തര വില ഇപ്പോഴുള്ളത് 1,996 ഡോളറിലാണ്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മോശമാകുമ്പോള്‍ നിക്ഷേപകലോകം സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാറുണ്ട്. ഇതാണ് കഴിഞ്ഞവാരം വില വര്‍ധന സൃഷ്ടിച്ചത്. പണപ്പെരുപ്പ ഭീഷണി അകലുകയും തൊഴില്‍ വിപണി മെച്ചപ്പെടുകയും ഓഹരി വിപണി നേട്ടത്തിന്റെ പാതയിലേറുകയും ചെയ്തതോടെ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിക്കാനും തുടങ്ങിയിരിക്കുകയാണ് നിക്ഷേപകര്‍. ഇതാണ്, ഇപ്പോള്‍ വില താഴാനും മുഖ്യകാരണം.
വെള്ളി വിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് വെള്ളി വില ഇന്ന് മാറിയിട്ടില്ല. ഗ്രാമിന് 78 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ താഴ്ന്ന് 4,715 രൂപയായി.