സ്വര്‍ണവില വീണ്ടും കത്തുന്നു! ഇന്നും വിലക്കുതിപ്പ്; പവന്‍ പുതിയ റെക്കോഡിലേക്ക്
വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല
സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവരെ ആശങ്കയിലാഴ്ത്തി വില വീണ്ടും കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് വില 6,170 രൂപയായി. പവന് 280 രൂപ ഉയര്‍ന്ന് വില 49,360 രൂപയിലുമെത്തി. ഇന്നലെയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.
മാര്‍ച്ച് 21ന് കുറിച്ച ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്നവില. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം വില പുതിയ റെക്കോഡ് കുറിക്കുമെന്നാണ് വിലയിരുത്തലുകള്‍.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് ഇന്ന് 5,140 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 80 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പ്
അമേരിക്കയിലെ ഉപഭോക്തൃച്ചെലവ് സംബന്ധിച്ച കണക്കുകള്‍ നാളെ (വെള്ളി) പുറത്തുവരാനിരിക്കേ, ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവിലയുടെ കുതിപ്പിന് ഇന്ന് വളമായത്. രാജ്യാന്തരവില ഇപ്പോള്‍ ഔണ്‍സിന് 5 ഡോളറോളം ഉയര്‍ന്ന് 2,195 ഡോളറിലാണുള്ളത്.