സ്വര്‍ണവില പവന് വീണ്ടും ₹47,000; ഉപഭോക്താക്കള്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ത്?
രാജ്യാന്തര വിലയും പുതിയ കുതിപ്പില്‍
സ്വര്‍ണവില സംസ്ഥാനത്ത് വീണ്ടും 47,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് മറികടന്നു. കഴിഞ്ഞമാസം (ഡിസംബര്‍) നാലിനാണ് ഈ മാജിക് സംഖ്യ പവന്‍ ആദ്യമായി പിന്നിട്ടത്. 47,080 രൂപയായിരുന്നു അന്ന് വില. പിന്നീട് ഡിസംബര്‍ 28ന് പവന്‍ 47,120 രൂപയെന്ന പുത്തന്‍ റെക്കോഡ് കുറിച്ചിട്ടെങ്കിലും തുടര്‍ദിവസങ്ങളില്‍ വില താഴേക്കിറങ്ങി 46,840 രൂപവരെയെത്തി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് വില വീണ്ടും കയറുകയാണ്. ഡിസംബര്‍ മൂന്നിന് ഔണ്‍സിന് 2,152 ഡോളറെന്ന സര്‍വകാല റെക്കോഡിലെത്തിയ സ്വര്‍ണവില 2,000 ഡോളറിനടുത്തേക്ക് താഴ്‌ന്നെങ്കിലും ഇപ്പോള്‍ വീണ്ടും കയറുകയാണ്.
വില എങ്ങോട്ട്?
കേരളത്തില്‍ ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് വില 5,875 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 47,000 രൂപ. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4,860 രൂപയിലാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 80 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 14 ഡോളര്‍ വര്‍ധിച്ച് 2,077 ഡോളറിലാണുള്ളത്. അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.
അങ്ങനെ സംഭവിച്ചാല്‍ ഡോളറിന്റെ മൂല്യം, അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായം (യീല്‍ഡ്) എന്നിവ താഴ്‌ന്നേക്കും. ഇത്, നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിക്കും. സുരക്ഷിത നിക്ഷേപമെന്ന ഈ പെരുമയാണ് സ്വര്‍ണവിലയെ മേലോട്ട് നയിക്കുന്നത്.
ശ്രദ്ധിക്കേണ്ടതെന്ത്?
47,000 രൂപയാണ് പവന്‍ വില. ഈ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേര്‍ക്കണം. ഒപ്പം, ജുവലറി ഷോപ്പുകള്‍ ഈടാക്കുന്ന പണിക്കൂലിയും ചേരുമ്പോഴേ വില്‍പന വിലയാകൂ. പണിക്കൂലി ഏറ്റവും കുറഞ്ഞത് 5 ശതമാനവും കൂടിയത് 20 ശതമാനത്തിന് മുകളിലുമാണ്. ഫലത്തില്‍, ഏറ്റവും കുറഞ്ഞത് 50,000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.