ചാഞ്ചാടാന്‍ കേരളത്തിലെ സ്വര്‍ണവില; അയോധ്യയില്‍ സ്വര്‍ണം, വെള്ളി നാണയക്കച്ചവടം തകൃതി

രാമായണം അധിഷ്ഠിതമായ ഡിസൈനുകളുമായി കല്യാണ്‍ ജുവലേഴ്‌സും

Update:2024-01-22 10:58 IST

Image : Canva and indiannewslink.co.nz

ഏറെക്കാലമായി വലിയ കയറ്റിറക്കം നേരിടുകയാണ് കേരളത്തിലെ സ്വര്‍ണവില. ജനുവരി ഒന്നിന് 47,000 രൂപയായിരുന്ന പവന്‍ വില ജനുവരി 18 ആയപ്പോഴേക്കും 45,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇക്കാലയളവില്‍ ഗ്രാം വില 5,875 രൂപയില്‍ നിന്ന് 5,740 രൂപയിലേക്കും കുറഞ്ഞു.

നിലവില്‍ പവന്‍ വിലയുള്ളത് 46,240 രൂപയിലാണ്. ഗ്രാമിന് വില 5,780 രൂപ. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. തുടര്‍ന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് മാറ്റമില്ല; ഗ്രാമിന് 4,780 രൂപ. വെള്ളി വിലയും ഗ്രാമിന് 77 രൂപയില്‍ തന്നെ തുടരുന്നു.
ചാഞ്ചാട്ടം തുടര്‍ന്നേക്കും
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില ചാഞ്ചാടുന്നത്. ഒരാഴ്ച മുമ്പ് ഔണ്‍സിന് 2,050 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്നുള്ളത് 2,026 ഡോളറില്‍. ഒരുവേള 2,010 ഡോളര്‍ വരെ ഇടിഞ്ഞ ശേഷമാണ് ഈ തിരിച്ചുകയറ്റം. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ വൈകുമെന്ന് സൂചനകളുണ്ട്. ഇതുമൂലം, കടപ്പത്ര യീല്‍ഡുകളും ഡോളറും ശക്തമാകുന്നതാണ് സ്വര്‍ണവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നാണയക്കച്ചവടം പൊടിപൂരം
അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ ഇന്ന് വിഗ്രഹ പ്രതിഷ്ഠ നടക്കാനിരിക്കേ, അയോധ്യയിലും ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ഉടനീളവും സ്വര്‍ണം, വെള്ളി നാണയങ്ങളുടെ കച്ചവടം തകൃതിയാണ്.
ശ്രീരാമന്‍, ശ്രീരാമക്ഷേത്രം എന്നിവ ലോക്കറ്റായുള്ള സ്വര്‍ണം, വെള്ളി നാണയങ്ങള്‍ക്കാണ് ഡിമാന്‍ഡേറെ. ഒരു ഗ്രാം, രണ്ടുഗ്രാം നാണയങ്ങളാണ് കൂടുതലും വിറ്റഴിയുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന്റെ 250-ാം ഷോറൂം അയോധ്യയില്‍ ഈമാസമാദ്യം തുറന്നിരുന്നു. അയോധ്യയില്‍ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ 'നിമ' (Nimah) ബ്രാന്‍ഡില്‍ രാമായണം അധിഷ്ഠിതമായ ജുവലറി ഡിസൈനുകള്‍ കല്യാണ്‍ അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീരാമന്‍, സീത, ശ്രീരാമക്ഷേത്രം, ശ്രീരാമ പട്ടാഭിഷേകം തുടങ്ങിയ ഉള്‍പ്പെടുന്ന ഡിസൈനുകളാണ് കല്യാണ്‍ ജുവലേഴ്‌സ് അവതരിപ്പിച്ചത്.
Tags:    

Similar News