വിശ്രമകാലം കഴിഞ്ഞു! വീണ്ടും കുതിച്ചുയര്‍ന്ന് കേരളത്തിലെ സ്വര്‍ണവില

വെള്ളിവിലയില്‍ മാറ്റമില്ല

Update:2024-03-01 10:59 IST

Image : Canva

മൂന്നുനാള്‍ നീണ്ട 'വിലസ്ഥിരത'യ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മേലോട്ട് കുതിച്ചു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് വില 5,790 രൂപയായി. 240 രൂപ ഉയര്‍ന്ന് 46,320 രൂപയാണ് പവന്‍വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,800 രൂപയുമായി. അതേസമയം, വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 76 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വില വര്‍ധിക്കുന്നതിന് ആനുപാതികമായാണ് കേരളത്തിലെ സ്വര്‍ണവിലയും ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഔണ്‍സിന് 2,035 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോള്‍ 10 ഡോളര്‍ ഉയര്‍ന്ന് 2,045 ഡോളറിലെത്തി. അമേരിക്കയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം ഡിസംബറിലെ 2.6 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 2.4 ശതമാനത്തിലേക്ക് താഴ്ന്നത് സ്വര്‍ണത്തിന് നേട്ടമാവുകയായിരുന്നു.
എന്തുകൊണ്ട് വില ഉയര്‍ന്നു?
പണപ്പെരുപ്പം താഴ്ന്നതിനാല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടികളിലേക്ക് അതിവേഗം കടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന് സാധിക്കും. ഈ വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ടുകളുടെ യീല്‍ഡും (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായത്തിന്റെ നിരക്ക്) കുറഞ്ഞതാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപം കൂടാനിടയാക്കുന്നതും വില വീണ്ടും കൂടുന്നതും.
Tags:    

Similar News