പൊൻവില കയറ്റം കഠിനമെന്റയ്യപ്പോ! സ്വർണം ഇന്നും റെക്കോഡ് തകര്‍ത്തു, വെള്ളിവിലയിലും പുതുതിളക്കം

ഒരു പവന്‍ ആഭരണം ഇന്ന് നിങ്ങള്‍ വാങ്ങുന്നു എന്നിരിക്കട്ടെ, പണിക്കൂലിയടക്കം എത്ര രൂപ കൊടുക്കണം? കണക്ക് ഇങ്ങനെ

Update:2024-04-10 10:24 IST

Image : Canva

പതിവ് തെറ്റിയില്ല! അനുദിനം റെക്കോഡ് പൊളിച്ചടുക്കി മുന്നേറുന്ന സ്വര്‍ണവില ആ 'പുത്തന്‍ ഹോബി' ഇന്നും ആവര്‍ത്തിച്ചു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണ എഴുതിയിട്ട റെക്കോഡ് ഇന്ന് തിരുത്തിയെഴുതി.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,610 രൂപയാണ് ഗ്രാം വില. 80 രൂപ ഉയര്‍ന്ന് 52,880 രൂപയാണ് പവന്‍വില. രണ്ടും കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലകള്‍. ഇന്നലെ ഉച്ചയ്ക്ക് കുറിച്ച ഗ്രാമിന് 6,600 രൂപയും പവന് 52,800 രൂപയുമെന്ന റെക്കോഡാണ് ചരിത്രമായത്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 5 രൂപ വര്‍ധിച്ച് പുത്തനുയരമായ 5,525 രൂപയിലെത്തി. വെള്ളി വിലയും സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 89 രൂപയിലാണ് ഇന്ന് വ്യാപാരം.
ആരാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്? അവര്‍ക്കെന്താണ് അതിനുള്ള അവകാശം? വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു പവന് എന്ത് നല്‍കണം?
വില അനുദിനം കത്തിക്കയറുന്നതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ സ്വര്‍ണാഭരണം വാങ്ങുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയുമടക്കം എത്ര രൂപ നല്‍കണം?
ഒരു പവന് വില 52,880 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേര്‍ത്താല്‍ വില 54,518.20 രൂപയായി. ഒട്ടുമിക്ക ജുവലറികളും പണിക്കൂലി ഈടാക്കുന്നുണ്ട്. അത് ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞത് 5 ശതമാനം മുതല്‍ 20-30 ശതമാനം വരെയെങ്കിലുമാകാം.
54,518.20 രൂപയുമായി ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കൂടിക്കൂട്ടിയാല്‍ 57,244.11 രൂപയാകും. അതായത്, ഏകദേശം 57,250 രൂപയെങ്കിലും കൊടുത്താലേ കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. ഇനിയിപ്പോള്‍ ഒരു ഗ്രാമിന്റെ ആഭരണം മതിയെങ്കില്‍ 7,155 രൂപയെങ്കിലും മിനിമം കൊടുക്കണം. പണിക്കൂലി കൂടുമ്പോള്‍ ആനുപാതികമായി വിലയും കൂടും.
വില ഇനിയും കൂടും
ആഗോളതലത്തില്‍ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്കും താഴുന്നത് സ്വര്‍ണവില കൂടാന്‍ അനുകൂലഘടകമാണ്. ഇതോടൊപ്പം റഷ്യ-യുക്രെയ്ന്‍, ഇസ്രായേല്‍-ഇറാന്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ ശമിക്കാത്തതും സ്വര്‍ണവില വര്‍ധനയുടെ ആക്കം കൂട്ടും. മാത്രമല്ല, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും ഇന്ത്യയുടെ റിസര്‍വ് ബാങ്കും ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വലിയതോതില്‍ കൂട്ടുന്നതും വിലയെ മുന്നോട്ടുനയിക്കുന്നു.
നിലവില്‍ 2,354 ഡോളറാണ് ഔണ്‍സിന് രാജ്യാന്തര വില. ഇത് വൈകാതെ 2,400 ഡോളര്‍ ഭേദിക്കുമെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ വില ഇനിയും മുന്നോട്ട് തന്നെ കുതിക്കും.
Tags:    

Similar News