സ്വര്‍ണവില വീണ്ടും മേലോട്ട്; നികുതിഭാരം ഉടനൊന്നും കുറയില്ല, കാരണം ഇതാണ്

രാജ്യാന്തര വില 2,055 ഡോളര്‍ ഭേദിച്ചു

Update:2024-02-02 10:12 IST

Image : Canva

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങുന്നു. പവന് ഇന്ന് 120 രൂപ വര്‍ധിച്ച് വില 46,640 രൂപയായി. 15 രൂപ ഉയര്‍ന്ന് 5,830 രൂപയാണ് ഗ്രാം വില. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനം നടന്ന ഇന്നലെയും ഇതേനിരക്കില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു.

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,815 രൂപയായി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല; ഗ്രാമിന് 78 രൂപ.
എന്തുകൊണ്ട് വിലക്കയറ്റം?
അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞദിവസം അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ നിലനിറുത്തി. എന്നിരുന്നാലും, 2024ല്‍ മൂന്ന് തവണയായി പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
ഇതോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ ആദായനിരക്ക് (യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ്) 4 ശതമാനത്തിലേക്ക് കുറഞ്ഞു. പുതിയ തൊഴിലവസരങ്ങളുടെ നിരക്ക് കുറഞ്ഞതും ബോണ്ട് യീല്‍ഡിനെ ദുര്‍ബലമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ബോണ്ടിനെ കൈവിട്ട് സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് കൂടുമാറുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 15 ഡോളര്‍ ഉയര്‍ന്ന് 2,055 ഡോളറിലാണ് ഇപ്പോഴുള്ളത്.
നികുതിഭാരം കുറയില്ല
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ നിലവിലെ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിന് താഴെയായി കുറയ്ക്കണമെന്ന സ്വര്‍ണ വ്യാപാരികളുടെ ആവശ്യം ഇടക്കാല ബജറ്റില്‍ പരിഗണിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറായില്ല.
ജി.എസ്.ടിയും സെസുമടക്കം നിലവില്‍ മൊത്തം 18 ശതമാനമാണ് ഇന്ത്യയില്‍ സ്വര്‍ണനികുതി. കൂടാതെ, എച്ച്.യു.ഐ.ഡി ഹോള്‍മാര്‍ക്ക് നിരക്കും പണിക്കൂലിയും ചേരുന്നതാണ് സ്വര്‍ണാഭരണങ്ങളുടെ വിപണിവില.
ഇടക്കാല ബജറ്റില്‍ ഇറക്കുമതി തീരുവകള്‍ ഉള്‍പ്പെടെ ഒരു മാറ്റവും നികുതിനിരക്കുകളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്.
Tags:    

Similar News