കേരളത്തിൽ പവന്‍വില വീണ്ടും ₹46,000 ഭേദിച്ചു; മാറാതെ വെള്ളി വില
രാജ്യാന്തര വില വീണ്ടും കുതിപ്പില്‍
സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയുമായി വില വീണ്ടും മേലോട്ട് കുതിക്കുന്നു. കേരളത്തില്‍ ഗ്രാം വില ഇന്ന് 25 രൂപ വര്‍ധിച്ച് 5,760 രൂപയായി. 200 രൂപ ഉയര്‍ന്ന് 46,080 രൂപയാണ് പവന്‍ വില.
18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,770 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വില ഗ്രാമിന് 77 രൂപ.
രാജ്യാന്തര മുന്നേറ്റം
രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 1,990 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര വില ഇപ്പോള്‍ 2,031 ഡോളറിലേക്ക് ഉയര്‍ന്നു.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്‌സ് വൈകാതെ പുറത്തുവരും. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്കയാണ് സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നത്.
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ വൈകുമെന്നാണെങ്കില്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ യീല്‍ഡും മുന്നേറും. യീല്‍ഡ് ഇപ്പോഴേ 4 ശതമാനമെന്ന ശക്തമായ നിരക്കിന് മുകളിലാണുള്ളത്. അതേസമയം, പലിശനിരക്ക് വൈകാതെ കുറയ്ക്കുമെന്നാണെങ്കില്‍ യീല്‍ഡും ഡോളറും മങ്ങും. ഇത്, സ്വര്‍ണ നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് കൂട്ടും. വൈകാതെ വിലയും കൂടും.