ബജറ്റ് ദിനത്തില്‍ ഉയര്‍ന്ന് സ്വര്‍ണവില; 2023ല്‍ ഇന്ത്യയിലെ ഡിമാന്‍ഡില്‍ വീഴ്ച
വെള്ളി വിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു. 46,520 രൂപയാണ് പവന്‍വില. 5,815 രൂപയിലാണ് ഗ്രാം വ്യാപാരം.
രാജ്യാന്തര വിലയിലെ വര്‍ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. അമേരിക്കയുടെ ട്രഷറി ബോണ്ട് യീല്‍ഡ് 4 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലവര്‍ധന സൃഷ്ടിക്കുന്നത്. രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്.
വെള്ളി വിലയില്‍ മാറ്റമില്ല
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 10 രൂപ വര്‍ധിച്ച് ഗ്രാമിന് 4,805 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് 78 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
ബജറ്റ് ദിനത്തില്‍ വിലക്കുതിപ്പ്
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നിലവിലെ 12.5 ശതമാനത്തില്‍ നിന്ന് 4-8 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വ്യാപാരലോകം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. സ്വര്‍ണം പണമാക്കല്‍ പദ്ധതിയുടെ പലിശനിരക്ക് നിലവിലെ 2.25-2.50 ശതമാനമെന്നത് 8 ശതമാനമെങ്കിലും ആക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്.
ഉപഭോഗം കുറഞ്ഞു
അതിനിടെ, 2023ല്‍ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് മൂന്ന് ശതമാനം താഴ്ന്ന് 747.5 ടണ്ണായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. പ്രതിവര്‍ഷം ശരാശരി 800-900 ടണ്‍ ഇറക്കുമതി ചെയ്യാറുള്ള ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യവും ഉപഭോഗത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തുമാണ്. സ്വര്‍ണത്തിന്റെ റെക്കോഡ് വില വര്‍ധനയാണ് ഇറക്കുമതിയെ കഴിഞ്ഞവര്‍ഷം ബാധിച്ചതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.