യുദ്ധഭീതിക്ക് വിട! കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മികച്ച കുറവ്; വെള്ളിവിലയും താഴേക്ക്
നികുതിയും പണിക്കൂലിയുമടക്കം ഇന്ന് ഒരു പവന്റെ കേരളത്തിലെ വില ഇങ്ങനെ
ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധത്തിന് സാധ്യതയില്ലെന്ന വിലയിരുത്തലും ഡോളറിനെതിരെ രൂപയുടെ കരകയറ്റവും സ്വര്‍ണവിലയെ താഴേക്ക് നയിക്കുന്നു. കേരളത്തില്‍ ഇന്ന് പവന് 400 രൂപ ഇടിഞ്ഞ് വില 54,040 രൂപയായി. 50 രൂപ താഴ്ന്ന് 6,755 രൂപയാണ് ഗ്രാം വില.
കഴിഞ്ഞ ശനിയാഴ്ചയും ഗ്രാമിന് 10 രൂപ, പവന് 80 രൂപ എന്നിങ്ങനെ കുറഞ്ഞിരുന്നു. ഈ മാസം 19ന് (April 19) രേഖപ്പെടുത്തിയ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് കേരളത്തില്‍ സ്വര്‍ണവില രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്നവില.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,665 രൂപയായി. 22 കാരറ്റിന് അപേക്ഷിച്ച് പരിശുദ്ധി കുറവാണെങ്കിലും താരതമ്യേന ഭേദപ്പെട്ട വിലയായതിനാല്‍ കേരളത്തില്‍ നിലവില്‍ 18 കാരറ്റില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്കും പ്രിയമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
വെള്ളിവിലയും കുറയുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ താഴ്ന്ന് 89 രൂപയായി. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 90 രൂപയായിരുന്നു റെക്കോഡ്.
എന്തുകൊണ്ട് സ്വര്‍ണവില കുറഞ്ഞു?
സാമ്പത്തിക പ്രതിസന്ധി, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വര്‍ണത്തിന് കിട്ടാറുണ്ട്. ഇക്കാലയളവില്‍ ഓഹരി, കടപ്പത്ര വിപണികള്‍ തിരിച്ചടി നേരിടുമ്പോള്‍ നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റും. മധ്യേഷ്യയിലെ യുദ്ധഭീതി, ഡോളറിന്റെ കുതിപ്പ് എന്നിവമൂലം കഴിഞ്ഞവാരം സ്വര്‍ണത്തിന് മേല്‍ക്കോയ്മ കിട്ടിയിരുന്നു.
♦ ഏറ്റവും പുതിയ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
നിലവില്‍ യുദ്ധഭീതി അകലുകയും രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെടുകയും ചെയ്തതോടെ സ്വര്‍ണത്തിന് പ്രീതി കുറയുകയും വില താഴുകയുമായിരുന്നു. ഓഹരി വിപണികള്‍ നേട്ടത്തിലേറിയതും സ്വര്‍ണവിലയെ താഴേക്ക് നയിച്ചു.
ഇന്നൊരു പവന്‍ ആഭരണത്തിന് എന്ത് നല്‍കണം?
കഴിഞ്ഞ 19ന് സ്വര്‍ണവില എക്കാലത്തെയും ഉയരത്തിലെത്തിയപ്പോള്‍ നികുതികള്‍, പണിക്കൂലി എന്നിവയടക്കം മിനിമം 59,000 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കേരളത്തില്‍ വാങ്ങാനാകുമായിരുന്നുള്ളൂ.
മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ് (HUID Fee), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോള്‍ ഇന്ന് നല്‍കേണ്ട ഏറ്റവും കുറഞ്ഞവില ഒരു പവന്‍ ആഭരണത്തിന് 58,600 രൂപയാണ്. അതായത്, ഏപ്രില്‍ 19ലെ വാങ്ങല്‍വിലയെ അപേക്ഷിച്ച് 400 രൂപയുടെ ആശ്വാസം!
വില കുറയുമ്പോള്‍ എന്ത് ചെയ്യണം?
വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യാവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വിലക്കുറവ് നേട്ടമാക്കാം. മുന്‍കൂര്‍ ബുക്കിംഗാണ് മികച്ച മാര്‍ഗം. ഒട്ടുമിക്ക ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓപ്ഷന്‍ നല്‍കുന്നുണ്ട്.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞവില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാമെന്നതാണ് നേട്ടം. ഉദാഹരണത്തിന് നിങ്ങള്‍ ഇന്നത്തെ വിലയ്ക്ക് സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ, വാങ്ങുന്നത് ആറുമാസം കഴിഞ്ഞാണെന്നും കരുതുക. അന്ന് വില പവന് 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും. സ്വര്‍ണാഭരണ വിപണിയില്‍ കേരളത്തിലെ പുതിയ ട്രെന്‍ഡിനെ കുറിച്ച് വായിക്കാം: സ്വര്‍ണക്കുതിപ്പിനിടെ കേരളത്തില്‍ പുത്തന്‍ ട്രെന്‍ഡ്; വിപണി കൈയടക്കി 'കുഞ്ഞന്‍' താരങ്ങള്‍, ബുക്കിംഗും തകൃതി (Click here)