സ്വര്‍ണത്തിന്റെ ഹോള്‍മാര്‍ക്ക്: ജുവലറികളുടെ പേര് വെട്ടി ബി.ഐ.എസ്
റീട്ടെയ്ല്‍ വില്‍പ്പനക്കാരുടെ മുദ്ര തിരികെ ചേര്‍ക്കണമെന്ന് വ്യാപാരികള്‍
സ്വര്‍ണാഭരണ വിപണിയില്‍ പുതിയ എച്ച്.യു.ഐ.ഡി (HUID) വീണ്ടും തര്‍ക്കത്തിന് വഴിവയ്ക്കുന്നു. സ്വര്‍ണാഭരണത്തില്‍ നേരത്തേ ആഭരണ നിര്‍മ്മാതാവ്, മൊത്ത വിതരണക്കാര്‍, റീട്ടെയ്ല്‍ വില്‍പ്പനക്കാര്‍ എന്നിവരുടെ പേരും ഹോള്‍മാര്‍ക്കിന്റെ ഭാഗമായി ചേര്‍ത്തിരുന്നു. നിര്‍മ്മാതാക്കളുടെ പേര് ഒഴിവാക്കിയതിന് പിന്നാലെ ഇപ്പോള്‍ റീട്ടെയ്ല്‍ കച്ചവടക്കാരുടെ പേരും വെട്ടിയിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്/BIS).
Also Read : ഇ-വേ ബില്ലും ഇ-ഇന്‍വോയിസും: സ്വര്‍ണ വിപണിയില്‍ പുതിയ പ്രതിസന്ധി
പുതിയ ആറക്ക എച്ച്.യു.ഐ.ഡിയില്‍ ഇനിമുതല്‍ സ്വര്‍ണാഭരണ വിതരണക്കാരുടെ (ജുവലറി ഷോപ്പ്) പേരുണ്ടാവില്ല. ബി.ഐ.എസ് കെയര്‍ ആപ്പ് വഴി എച്ച്.യു.ഐ.ഡി നമ്പര്‍ നല്‍കുമ്പോള്‍ ലഭിച്ചിരുന്ന വിശദാംശങ്ങളാണ് ബി.ഐ.എസ് ഒഴിവാക്കിയത്. ജുവലറിയുടെ പേരിന് പകരം രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രമേ ഇനി കാണാനാകൂ. ആഭരണത്തിന്റെ നിലവാരം, കാരറ്റ് അടക്കമുള്ള വിവരങ്ങളും ഇതോടൊപ്പം ലഭിക്കും. ആഭരണത്തിന്റെ തൂക്കം കൂടി ലഭ്യമാക്കുന്ന തീരുമാനവും വൈകാതെയുണ്ടാകും.
അതേസമയം, റീട്ടെയ്ല്‍ വില്‍പ്പനക്കാരന്റെ പേര് ഒഴിവാക്കിയ തീരുമാനം ബി.ഐ.എസ് റദ്ദാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നേരത്തേ ആറക്ക എച്ച്.യു.ഐ.ഡി നടപ്പാക്കാന്‍ സാവകാശം വേണമെന്ന സ്വര്‍ണ വ്യാപാരികളുടെ ആവശ്യം കേന്ദ്രം നിരാകരിച്ചിരുന്നെങ്കിലും പിന്നീട് മൂന്നുമാസത്തെ സമയം കൂടി നൽകിയിരുന്നു. സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി.എസ്.എം.എ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.