ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് 3-13 ശതമാനത്തോളം

100 ഗ്രാം ലക്സ് സോപ്പ് പായ്ക്കിന്റെ വില 13 ശതമാനമാണ് ഉയര്‍ത്തിയത്

Update:2022-03-02 10:49 IST

ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (HUL) ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് 3-13 ശതമാനത്തോളം. 100 ഗ്രാം ലക്സ് സോപ്പ് പായ്ക്കിന്റെ വില 13 ശതമാനമാണ് കുത്തനെ വര്‍ധിപ്പിച്ചത്. ഇതോടെ വില 31 രൂപയില്‍നിന്ന് 35 രൂപയായി ഉയര്‍ന്നു. ലൈഫ്‌ബോയ് 125 ഗ്രാം സോപ്പ് പാക്കിന്റെ വില 6.5 ശതമാനം വര്‍ധിച്ച് 31 രൂപയില്‍ നിന്ന് 33 രൂപയായി ഉയര്‍ത്തി. ജനുവരിയില്‍ കമ്പനി ഇതേ ഉല്‍പ്പന്നത്തിന്റെ വില 29 രൂപയില്‍ നിന്ന് 31 രൂപയായി ഉയര്‍ത്തിയിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയത്. വീല്‍, സര്‍ഫ് എക്‌സല്‍, ലൈഫ്‌ബോയ് ബ്രാന്‍ഡുകളില്‍ ജനുവരിയില്‍ 3-20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. എങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചതോടെ ഫെബ്രവരിയിലും വില ഉയര്‍ത്തുകയായിരുന്നു.

ഡോവ് ഷാംപൂ (180 മില്ലി) വിന്റെ വില മൂന്ന് ശതമാനം വര്‍ധിപ്പിച്ച് 165 രൂപയായി. കിസാന്‍ ജാമിന്റെ (500 ഗ്രാം) വില 3.2 ശതമാനം വര്‍ധിപ്പിച്ച് 160 രൂപയായും ഹോര്‍ലിക്സിന്റെ വില (1 കിലോ പായ്ക്ക്) 375 രൂപയില്‍ നിന്ന് 4 ശതമാനം വര്‍ധിപ്പിച്ച് 390 രൂപയായും ഉയര്‍ത്തി. അതുപോലെ, പെപ്സോഡന്റ് ടൂത്ത്പേസ്റ്റിന്റെ (80 ഗ്രാം പായ്ക്ക്) വില 4 ശതമാനം വര്‍ധിച്ച് 52 രൂപയും സര്‍ഫ് എക്സലിന്റെ (ഒരു കിലോ പായ്ക്ക്) വില 4 ശതമാനവും വര്‍ധിപ്പിച്ചു. വിം ബാറിന്റെ വില 4 ശതമാനം വര്‍ധിച്ച് 26 രൂപയായി.

നവംബറില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (HUL) ഉല്‍പ്പന്നങ്ങളിലുടനീളം 1-33 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളും വില ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍, അമുലും ഒരു ലിറ്റര്‍ പാലിന്റെ വില രണ്ട് രൂപ വില വര്‍ധനവ് നടപ്പാക്കാനിരിക്കുകയാണ്.

Tags:    

Similar News