രാജ്യത്ത് സാധാരണ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് പ്രവചനം; തിളങ്ങാന്‍ എഫ്.എം.സി.ജി മേഖല
ജൂണില്‍ കേരളം, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ സാധാരണയിലും അധികം മഴ പെയ്‌തേക്കും
മണ്‍സൂണ്‍ മഴകുറയുമ്പോള്‍ സാധാരണയായി കര്‍ഷകരാണ് പ്രധാനമായും വലയുന്നത്. കര്‍ഷകരുടെ തളര്‍ച്ച ബിസിനസുകളേയും ബാധിക്കും. ഗ്രാമീണ ജനതയുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് ഇപ്പോള്‍ ഏറ്റവുമാദ്യം ബാധിക്കുന്നത് ഉപഭോക്തൃ വിപണിയെയാണ്. അതുകൊണ്ടു തന്നെ മണ്‍സൂണ്‍ മഴയുടെ ഏറ്റക്കുറച്ചിലുകള്‍ എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) മേഖലയെ നേരിട്ട് ബാധിക്കും.
ഈ വര്‍ഷം രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ സാധാരണ നിലയില്‍ ലഭിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രമായ സ്‌കൈമെറ്റ് പറയുന്നത്. മഴ സാധാരണ നിലയില്‍ ലഭിക്കുന്നതിനാല്‍ തന്നെ എഫ്.എം.സി.ജി മേഖല 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളർച്ച കാണിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതായത് മൺസൂണിൽ നല്ല വിളവ് ലഭിക്കുന്നതോടെ ഗ്രാമപ്രദേശങ്ങളിലെ വരുമാനം വര്‍ധിക്കും. അതിനാല്‍ തന്നെ ഗ്രാമീണ ഉപഭോക്താക്കള്‍ സോപ്പുകളും ഷാംപൂകളും മുതല്‍ പാക്കേജുചെയ്ത ഭക്ഷണങ്ങളും പാനീയങ്ങളും വരെയുള്ള എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങാന്‍ സാധ്യതയുണ്ട്.
കാലവസ്ഥ ഇങ്ങനെ
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നല്ല മഴയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സാധാരണ അളവില്‍ മഴയും ലഭിക്കും. ജൂണില്‍ കേരളം, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ സാധാരണയിലും അധികം മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. അതേസമയം ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മഴ കുറഞ്ഞേക്കും. മണ്‍സൂണിന്റെ ആദ്യ പകുതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക.
2023ല്‍ ജൂണ്‍-സെപ്റ്റംബറില്‍ 94.4 ശതമാനം മഴയാണ് ലഭിച്ചത്. പിന്നീട് ഓഗസ്റ്റിലെ മഴ, സാധാരണയേക്കാള്‍ 36 ശതമാനം കുറവായിരുന്നു. 2023 ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്ററാണ് ഇന്ത്യയില്‍ മഴ ലഭിച്ചത്. നിലവില്‍ ജൂണ്‍ വരെ ഇന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. കേരളത്തിലും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ താപനില 41 ഡിഗ്രിയും കടന്ന് കുതിക്കുകയാണ്.