ഇറാന്‍-ഇസ്രായേല്‍ പോര്: കേരളത്തിൽ സ്വർണവില വീണ്ടും കൂടി; മാറാതെ വെള്ളി
രാജ്യാന്തര സ്വര്‍ണവില 2,350 ഡോളര്‍ കടന്നു
ഇസ്രായേലിനുമേല്‍ ഇറാന്‍ യുദ്ധത്തിന് തുടക്കമിട്ടതോടെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. കേരളത്തില്‍ ഇന്ന് ഗ്രാം വില 55 രൂപ വര്‍ധിച്ച് 6,705 രൂപയായി. 440 രൂപ വര്‍ധിച്ച് 53,640 രൂപയാണ് പവന്‍വില.
കഴിഞ്ഞ ശനിയാഴ്ച പവന് 560 രൂപയും ഗ്രാമിന് 70 രൂപയും താഴ്ന്നിരുന്നു. ഈ മാസം 12ന് (April 12) കുറിച്ച ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയുമാണ് കേരളത്തിലെ സര്‍വകാല റെക്കോഡ് വില.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 5,605 രൂപയായി. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൂടുതല്‍ കുതിപ്പിന് സ്വര്‍ണവില?
ഇസ്രായേല്‍-ഇറാന്‍ പോര് മുറുകിയതോടെ ഓഹരി, കടപ്പത്ര വിപണികള്‍ നേരിടുന്ന വില്‍പനസമ്മര്‍ദ്ദമാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്. 'പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം' എന്ന പെരുമ എപ്പോഴും സ്വര്‍ണത്തിനുണ്ട്.
യുദ്ധ പശ്ചാത്തലത്തില്‍ ഓഹരി, കടപ്പത്രം എന്നിവയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് ഒഴുക്കുകയാണ് നിക്ഷേപകര്‍.
കഴിഞ്ഞവാരം ഒരുവേള ഔണ്‍സിന് 2,335 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,358 ഡോളറിലേക്ക് കയറിയിട്ടുണ്ട്. ഇതോടൊപ്പം, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 6 പൈസ താഴ്ന്ന് 83.44ല്‍ എത്തിയത് ഇന്ത്യയിലെ വിലയെയും മേലോട്ട് നയിക്കുകയായിരുന്നു.
ഒരു പവന്‍ ആഭരണത്തിന് ഇന്ന് എന്ത് നല്‍കണം?
ഇന്നൊരു പവന് വില 53,640 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസും (HUID fee) കൊടുക്കണം. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും കൂടിച്ചേരുമ്പോള്‍ മിനിമം 58,000 രൂപയെങ്കിലും കൊടുത്താലേ ഇന്ന് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാകൂ.