2,500 കോടിയുടെ കടമെടുത്ത് കല്യാണ്‍ ജുവലേഴ്‌സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ടി.എസ് കല്യാണരാമന്‍

2,500 കോടി രൂപയുടെ ധനസമാഹരണത്തിലൂടെ ടി.എസ് കല്യാണരാമന് കമ്പനിയില്‍ ഏകദേശം 5 ശതമാനം ഓഹരി വർദ്ധിപ്പിക്കാൻ സാധിക്കും

Update:2024-08-27 12:42 IST

ടി.എസ് കല്യാണരാമന്‍/ Photo Credit : kalyanjewellers.net

കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടർമാർ 2,500 കോടി രൂപയുടെ കടം സ്വരൂപിക്കാന്‍ ഒരുങ്ങുന്നു. കല്യാണ്‍ ജുവലേഴ്സിലെ തങ്ങളുടെ ഇക്വിറ്റി ഓഹരി വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുളള നീക്കം നടത്തുന്നത്. പ്രൊമോട്ടർമാര്‍ മോത്തിലാൽ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായും അസറ്റ് ആന്റ് വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ 360 വണ്ണുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍ച്ചകള്‍ ഇങ്ങനെ
കല്യാണ്‍ ജുവലേഴ്സില്‍ യു.എസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം വാർബർഗ് പിൻകസിലിലുളള ഓഹരികൾ ഏറ്റെടുക്കുന്നതിനാണ് കടമായി കണ്ടെത്തുന്ന ഫണ്ട് ഉപയോഗിക്കുന്നത്. കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ തൃക്കൂർ സീതാരാമ അയ്യർ കല്യാണരാമനും പ്രൊമോട്ടർ ഗ്രൂപ്പുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കമ്പനിയുടെ ഓഹരികള്‍ ഇന്ന് 0.12 ശതമാനം ഉയര്‍ന്ന് 617 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി 616 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കല്യാണ്‍ ജുവലേഴ്സ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരം 202 രൂപയും ഏറ്റവും ഉയര്‍ന്ന നിലവാരം 633 രൂപയുമാണ്. ഓഹരികൾ 2.5 ഇരട്ടി കവറേജ് അനുപാതത്തിൽ ഈടായി പണയം വെച്ച് ഫണ്ട് കണ്ടെത്താനുളള ചര്‍ച്ചകളാണ് നടക്കുന്നത്.
ഓഹരി വില ഇടിഞ്ഞാൽ ഈടായി അധിക ഓഹരികൾ നല്‍കേണ്ടതായി വരും. ഓഹരി വിലയിൽ 35 ശതമാനത്തിലധികം ഇടിവുണ്ടായാല്‍ പണ ഈടായിരിക്കും നല്‍കേണ്ടി വരിക. 45 ശതമാനത്തിലധികം ഇടിവ് നേരിട്ടാല്‍ നിർബന്ധിത ബോണ്ട് വീണ്ടെടുക്കലിന് കാരണമായേക്കും.

ഓഹരി വർദ്ധിപ്പിക്കാനൊരുങ്ങി ടി.എസ് കല്യാണരാമന്‍

ഓഹരിക്ക് 535 രൂപയ്ക്ക് 2.36 ശതമാനം ഓഹരികള്‍ വാർബർഗ് പിൻകസില്‍ നിന്ന് ടി.എസ് കല്യാണരാമന്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. 1,300 കോടി രൂപയുടെ ഇടപാടാണ് ഇത്. 2,500 കോടി രൂപയുടെ ധനസമാഹരണത്തിലൂടെ കല്യാണരാമന് കമ്പനിയിലെ തങ്ങളുടെ ഓഹരി ഏകദേശം 5 ശതമാനം വർദ്ധിപ്പിക്കാൻ സാധിക്കും. 
അതേസമയം ശേഷിക്കുന്ന ഫണ്ട് ഓഹരികൾ വാങ്ങാൻ ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല. കടം 13.5-14 ശതമാനം പലിശ നിരക്കിലായിരിക്കും സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർബർഗ് പിൻകസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് (ഓഗസ്റ്റ് 22) കല്യാണ്‍ ജുവലേഴ്‌സിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നതായി അറിയിച്ചത്. വാർബർഗ് പിൻകസ് അതിന്റെ അനുബന്ധ സ്ഥാപനമായ ഹൈഡെൽ ഇൻവെസ്റ്റ്‌മെന്റ് വഴി കല്യാൺ ജുവലേഴ്‌സിൽ 9.17 ശതമാനം ഓഹരികളാണ് കൈവശം വച്ചിരുന്നത്. കല്യാണിലെ തങ്ങളുടെ ബാക്കി 6.81 ശതമാനം ഓഹരി പിന്‍കസ് ബ്ലോക്ക് ഡീൽ വഴിയാണ് വിറ്റഴിച്ചത്. 
Tags:    

Similar News