ഗതാഗത കുരുക്ക് പൊല്ലാപ്പാകില്ല, ലുലു ഗ്രൂപ്പിന് കോഴിക്കോട്ട് വ്യക്തമായ പ്ലാനുണ്ട്
വരുന്നത് ഒന്നര ലക്ഷം ചതുരശ്ര അടിയിലെ വ്യാപാര വിസ്മയം, ഫുഡ് കോര്‍ട്ട് മൊഞ്ചാകും
ലുലു മാള്‍ കോഴിക്കോട് ആരംഭിക്കുമ്പോള്‍ ഗതാഗത കുരുക്കിന്റെ പൊല്ലാപ്പുണ്ടാകില്ല. മാള്‍ വരുമ്പോള്‍ നഗരത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ട് ലുലു ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് നടപടികള്‍ നേരത്തെ തുടങ്ങി. ലുലു മാള്‍ വരുന്ന കോഴിക്കോട് മാങ്കാവില്‍ ഗതാഗത കൂരുക്ക് രൂക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നല്ല ട്രാഫിക്കുള്ള റോഡാണിത്. പുതിയ മാള്‍ തുറക്കുന്നതോടെ മലപ്പുറം ഉള്‍പ്പടെയുള്ള അയല്‍ജില്ലകളില്‍ നിന്ന് ജനങ്ങള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഏഴു മീറ്റര്‍ വീതിയുള്ള ഇരട്ടപ്പാതയാണ് ഇവിടെയുള്ളത്. മാങ്കാവിലും പരിസരങ്ങളിലും റോഡ് വികസനം ഉള്‍പ്പടെയുള്ള പദ്ധതികളാണ് ലുലു ഗ്രൂപ്പ് അധികൃതര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ആലോചിക്കുന്നത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) അധികൃതരുമായി ലുലു ഗ്രൂപ്പ് ഗതാഗത പരിഷ്‌കരണ പദ്ധതി ആസൂത്രണം ചെയ്തു വരികയാണ്.
നാറ്റ്പാക് റിപ്പോര്‍ട്ട് തയ്യാറാക്കും
കോഴിക്കോട് മാങ്കാവില്‍ ഗതാഗത കുരുക്ക് കുറക്കാന്‍ ലുലു ഗ്രൂപ്പിന്റെ ആവശ്യപ്രകാരം നാറ്റ്പാക് വിശദമായ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. നിലവില്‍ ഈ മേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം, തിരക്കേറിയ സമയം തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച ശേഷമായിരിക്കും റിപ്പോര്‍ട്ട്. മാങ്കാവ് ജംഗ്ഷന്‍, മാങ്കാവ് ശ്മശാനം ജംഗ്ഷന്‍, കോംട്രസ്റ്റ് കണ്ണാശുപത്രി ജംഗ്ഷന്‍, ഗോവിന്ദപുരം പി.എന്‍.ബി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളെ കുറിച്ച് പഠിക്കും. നിലവിലുള്ള സൗകര്യങ്ങളില്‍ എങ്ങനെ ഗതാഗത കുരുക്ക് നിയന്ത്രിക്കാനാകും, കൂടുതലായി എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലുലു ഗ്രൂപ്പ് നടപ്പാക്കും.
ഒന്നര ലക്ഷം ചതുരശ്ര അടിയിലെ വ്യാപാര ലോകം
അടുത്ത മാസം കോഴിക്കോട് ആരംഭിക്കാനിരിക്കുന്ന ലുലു മാള്‍ ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വ്യാപാര വിസ്മയമാകും. മൂന്നു നിലകളിലായി വിഭാവനം ചെയ്യുന്ന കെട്ടിടത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമെ ലോകോത്തര ബ്രാന്റുകളുടെ ഔട്ട്‌ലെറ്റുകളും ഫുഡ് കോര്‍ണറുകളും ഉണ്ടാകും. പ്രാദേശികമായ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറി മുതല്‍ വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വരെ ഇവിടെ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണി ഒരുങ്ങും. കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഫുഡ് ബ്രാന്റുകളുടെ വൈവിധ്യവുമുണ്ട്. 400 സീറ്റുകളുള്ള ഫുഡ്‌കോര്‍ട്ട് മാളിന്റെ സവിശേഷതയാണ്. 1,000 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്കിംഗിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കോഴിക്കോട്ടുകാര്‍ക്ക് മാത്രമല്ല, അയല്‍ ജില്ലകളിലുള്ളവര്‍ക്കും പുതിയ ലുലു മാള്‍ നവീന ഷോപ്പിംഗ് വിസ്മയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.