ലുലു മാള്‍ അടുത്തയാഴ്ച മുതല്‍ ഹൈദരാബാദില്‍
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മാളുകള്‍ കേരളത്തിലും
രാജ്യം മുഴുവനും വ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ്. ഈ വര്‍ഷം നിരവധി ഇടങ്ങളിലായി ഹൈപ്പര്‍ മാര്‍ക്കറ്റും മാളുകളും തുറക്കുന്ന ഗ്രൂപ്പ് ഏറ്റവും പുതുതായി തെലങ്കാനയില്‍ മാള്‍ തുറക്കുന്നു. ഹൈദരാബാദില്‍ സെപ്റ്റംബര്‍ 27 നാണ് ലുലു മാള്‍ തുറക്കപ്പെടുന്നത്. രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റിലെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഹൈദരാബാദ് ലുലുവിലെ പ്രധാന ആകര്‍ഷക ഘടകം.
ഹൈദരാബാദിലെ കുക്കട്ട്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ലുലു മാളില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കൂടാതെ ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയും 75-ലധികം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകളുമുണ്ടാകും. ഒരേ സമയം 1,400 പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ്, ഫുഡ് കോര്‍ട്ട്, കുട്ടികളുടെ വിനോദ കേന്ദ്രമായ ഫണ്ടൂറ എന്നിവയും ഉള്‍പ്പെടുന്നു.
കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ലക്നൗ, കോയമ്പത്തൂര്‍ എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് സാന്നിധ്യം ഉറപ്പിച്ച ഇന്ത്യയിലെ ആറാമത്തെ നഗരമാണ് ഹൈദരാബാദ്.
ലുലു ഗ്രൂപ്പിന് 22 രാജ്യങ്ങളിലായി 250 ഹൈപ്പര്‍ മാര്‍ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് നിലവിലുള്ളത്. അഹമ്മദാബാദ്, ചെന്നൈ, ശ്രീനഗര്‍, ഗ്രെയ്റ്റര്‍ നോയ്ഡ, വാരണാസി എന്നിവിടങ്ങളിലായി വലിയ നിക്ഷേപമാണ് ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഫുഡ് പ്രോസസിംഗ്, റീറ്റെയ്ല്‍ രംഗങ്ങളിലായിരിക്കും ഇത്. ഇതില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റും ഉള്‍പ്പെടുന്നു. കേരളത്തിലും നാലിടങ്ങളിലായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മാളുകളും സജ്ജമാക്കാൻ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.