₹50,000 കോടി കടന്ന് എം.ആര്‍.എഫിന്റെ വിപണിമൂല്യം; ഓഹരി വിലയിലും റെക്കോഡ്
ലോകത്തെ ഏറ്റവുമധികം മൂല്യമുള്ള ടയര്‍ ബ്രാന്‍ഡുകളിലൊന്നാണ് എം.ആര്‍.എഫ്
ആറ് പതിറ്റാണ്ടോളം മുമ്പാണ് എം.ആര്‍.എഫ് അഥവാ മദ്രാസ് റബര്‍ ഫാക്ടറി ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. തുടര്‍ന്നിക്കാലത്തിനിടെ എം.ആര്‍.എഫ് പിന്നിട്ടത് നിരവധി നിര്‍ണായക നാഴികക്കല്ലുകള്‍.
ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന പെരുമയുള്ള എം.ആര്‍.എഫിന്റെ വിപണിമൂല്യം (M-cap) ഇപ്പോഴിതാ 50,000 കോടി രൂപയും പിന്നിട്ടിരിക്കുന്നു. എന്‍.എസ്.ഇയിലെ കണക്കുപ്രകാരം 50,045.48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഓഹരി വിലയുള്ളത് എക്കാലത്തെയും ഉയരമായ 1.18 ലക്ഷം രൂപയിലും; 52-ആഴ്ചയിലെയും ഉയരമാണിത്.
ഇന്ത്യയിലെ ടയര്‍ നിര്‍മ്മാതാക്കള്‍ക്കിടയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് എം.ആര്‍.എഫ്. 50,313 കോടി രൂപ വിപണിവിഹിതവുമായി ബാലകൃഷ്ണ ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ എം.ആര്‍.എഫ് ഒന്നാംസ്ഥാനം നേടിയേക്കുമെന്നാണ് വിലയിരുത്തല്‍.
അപ്പോളോ ടയേഴ്‌സ് (29,109 കോടി രൂപ), സിയറ്റ് (9,400 കോടി രൂപ), ജെ.കെ. ടയര്‍ (8,576 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
ഏറ്റവും മൂല്യമേറിയ ഓഹരി
അഞ്ചുവര്‍ഷം മുമ്പ് 51,970 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 1,18,000 രൂപയായത്. 5 വര്‍ഷത്തിനിടെ എം.ആര്‍.എഫ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 84 ശതമാനത്തോളം. ഓഹരി വില ഒന്നിന് ഒരുലക്ഷം രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ ഓഹരിയുമാണ് എം.ആര്‍.എഫ്. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു എം.ആര്‍.എഫിന്റെ ആ ചരിത്രനേട്ടം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 30 ശതമാനത്തോളവും മൂന്ന് മാസത്തിനിടെ എട്ട് ശതമാനത്തോളവും നേട്ടം (return) എം.ആര്‍.എഫ് ഓഹരി നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. എം.ആര്‍.എഫിന്റെ ആകെ 42.41 ലക്ഷം ഓഹരികളാണ് ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതാണ് ഓഹരിക്ക് വലിയ വിലയുണ്ടാകാനും മുഖ്യ കാരണം.
കരുത്തുറ്റ ടയര്‍ ബ്രാന്‍ഡ്
ലോകത്തെ ഏറ്റവും കരുത്തുറ്റ ടയര്‍ ബ്രാന്‍ഡുകളിലൊന്നുമാണ് എം.ആര്‍.എഫ്. ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ 2023ലെ പട്ടികയില്‍ രണ്ടാംസ്ഥാനമാണ് എം.ആര്‍.എഫിനുള്ളത്. ബ്രിഡ്ജ്‌സ്റ്റോണിനെ കഴിഞ്ഞവര്‍ഷം പിന്തള്ളിയ എം.ആര്‍.എഫ് തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഈ നേട്ടം കുറിച്ചത്. മിഷലിന്‍ ആണ് ഒന്നാംസ്ഥാനത്ത്.