കൊക്കകോളയ്ക്കും പെപ്‌സിയ്ക്കും എതിരെ 'വില യുദ്ധ'വുമായി റിലയന്‍സ്, ശീതള പാനീയ വിപണിയില്‍ സംഭവിക്കുന്നതെന്ത്
ടെലികോം മേഖലയിൽ നടപ്പാക്കി വിജയിപ്പിച്ച അതേ തന്ത്രം മുകേഷ് അംബാനി ശീതള പാനീയ രംഗത്തും നടപ്പാക്കുന്നു
ശീതള പാനീയ രംഗത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന കമ്പനിയാണ് കൊക്കകോളയും പെപ്‌സിയും. ഈ രംഗത്തേക്ക് ശക്തമായ മത്സരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ റിലയൻസ്.
കൊക്കകോള, പെപ്‌സി എന്നിവയേക്കാൾ 50 ശതമാനം കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്താണ് ശീതള പാനീയ മേഖലയില്‍ റിലയന്‍സിന്റെ കോള ബ്രാൻഡായ കാമ്പ കടുത്ത മത്സരത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്.
വില യുദ്ധം ഇങ്ങനെ
കാമ്പ ശീതള പാനീയത്തിന്റെ 250 മില്ലി കുപ്പികൾ 10 രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തിച്ചാണ് പുതിയ മത്സരത്തിന് റിലയന്‍സ് തുടക്കമിട്ടിരിക്കുന്നത്. കൊക്കകോളയും പെപ്‌സികോയും ഇതേ വലുപ്പത്തിലുള്ള കുപ്പികള്‍ 20 രൂപയ്ക്കാണ് വിൽക്കുന്നത്.
കാമ്പ 500 മില്ലി കുപ്പികൾ 20 രൂപയ്ക്കാണ് റിലയന്‍സ് വില്‍ക്കുന്നത്. അതേസമയം എതിരാളികള്‍ക്ക് ഇതേ അളവ് പാനീയം 30 രൂപയ്‌ക്കോ 40 രൂപയ്ക്കോ വിൽക്കാനാണ് സാധിക്കുന്നത്.
ടെലികോം മേഖലയിൽ നടപ്പാക്കി വിജയിപ്പിച്ച അതേ തന്ത്രമാണ് മുകേഷ് അംബാനി ശീതള പാനീയ രംഗത്തും നടപ്പാക്കുന്നത്. എതിരാളികളായ എയര്‍ടെല്‍, വോഡാഫോണ്‍ഐഡിയ, ബി.എസ്.എന്‍.എല്‍ തുടങ്ങിയവരേക്കാള്‍ വളരെ കുറഞ്ഞ താരിഫ് നിരക്കില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് ടെലികോം മേഖലയില്‍ റിലയൻസ് ജിയോ വന്‍ കുതിച്ചു ചാട്ടം നടത്തിയത്.
50,000 കോടിയുടെ വിപണി
1970 കളിലും 1980 കളിലും ഇന്ത്യയിലെ ശീതള പാനീയ വിപണിയില്‍ ഒന്നാമതായിരുന്നു കാമ്പ കോളകള്‍. എന്നാല്‍ 1991 ല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ അവതരിപ്പിച്ചതിന് ശേഷം ബഹു രാഷ്ട്ര കമ്പനികളായ പെപ്‌സിയും കൊക്കകോളയും ഈ രംഗം കൈയടുക്കുകയായിരുന്നു.
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ (RRVL) ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (RCPL) 2022 ലാണ് കാമ്പ പുതിയ രൂപത്തില്‍ വിപണിയില്‍ എത്തിക്കുന്നത്.
2024 ജൂണില്‍ അവസാനിച്ച പാദത്തിൽ പെപ്സി നിര്‍മിക്കുന്ന കമ്പനിയായ വരുൺ ബിവറേജസ് 1,262 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കൊക്ക-കോള ഇന്ത്യ 2023 സാമ്പത്തിക വർഷത്തിൽ 722.44 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്‌തത്.
50,000 കോടി രൂപ മൂല്യമാണ് ഇൻഡ്യയിലെ ശീതളപാനീയ വിപണിക്ക് കണക്കാക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച് അംബാനി കൂടി സജീവമായതോടെ ശീതള പാനീയ മേഖലയില്‍ കടുത്ത മത്സരങ്ങളാണ് സംഭവിക്കുക.