ജിയോയുടെ തലപ്പത്ത് ഇനി മുകേഷ് അംബാനിയില്ല, മകനെ ഏല്‍പ്പിച്ച് പടിയിറക്കം

ആകാശ് അംബാനി റിലയന്‍സ് ജിയോ ചെയര്‍മാന്‍

Update:2022-06-28 17:03 IST

ജിയോയുടെ തലപ്പത്ത് ഇനി മുകേഷ് അംബാനിയില്ല. റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെ ചുമതല കൈമാറ്റം സംബന്ധിച്ചും അംബാനിയുടെ മക്കള്‍ അധികാരമേല്‍ക്കുന്നത് സംബന്ധിച്ചും ഇക്കഴിഞ്ഞിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ റിലയന്‍സ് ജിയോ വിഭാഗം നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും അംബാനിയുടെ മകനുമായ ആകാശ് അംബാനിയെ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചതായി സ്ഥാപനം അറിയിച്ചിരിക്കുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധികാര മാറ്റങ്ങളിൽ ഒന്നാണിത്. 

എംഡിയായി പങ്കജ് മോഹനും ചെയര്‍മാന്‍ ആകാശും

ആകാശ് അംബാനി കമ്പനി ചെയര്‍മാന്‍ ആകുന്നതോടൊപ്പം ജൂണ്‍ 27 മുതല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാര്‍ ചുമതലയേല്‍ക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാശ് എം അംബാനിയെ നിയമിക്കുന്നതിന് അംഗീകാരം നല്‍കിയതായും മുകേഷ് അംബാനിയുടെ രാജി സ്വീകരിച്ചതായുമാണ് കമ്പനിയുടെ പ്രസ്താവന.

2022 ജൂണ്‍ 27-ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിലായിരുന്നു ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്. മറ്റു നിയമനങ്ങളും നടന്നു. 2022 ജൂണ്‍ 27 മുതല്‍ 5 വര്‍ഷത്തേക്ക് റിലയന്‍സ് ജിയോ സ്വതന്ത്ര ഡയറക്ടര്‍മാരായി അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്റാള്‍, കെവി ചൗധരി എന്നിവരുടെ നിയമനം നടന്നു.

Tags:    

Similar News