3 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ കുരുമുളക്, ഇനിയും കൂടിയേക്കും

വില ഉയരുന്നത് കുരുമുളകിൻ്റെ ഇറക്കുമതി വര്‍ധിപ്പിച്ചേക്കും.

Update: 2021-11-18 11:30 GMT

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയിലെ കുരുമുളക് വില. ഒരാഴ്ച കൊണ്ട് 33 രൂപയാണ് വര്‍ധിച്ചത്. അണ്‍ഗാര്‍ഡിബിള്‍ കുരുമുളക് കിലോയ്ക്ക് 494 രൂപയും ഗാര്‍ഡിബിള്‍ഡിന് 514 രൂപയുമാണ് വില. ഉത്സവ സീസണില്‍ ഡിമാന്റ് ഉയര്‍ന്നതും ഉത്പാദനം കുറഞ്ഞതുമാണ് കുരുമുളകിൻ്റെ വില ഉയകാന്‍ കാരണം.

മോശം കാലവസ്ഥയും വിലയിടിവും കാരണം ഉത്പാദനവും കുറവായിരുന്നു. 2017-18 കാലയളവില്‍ 530 രൂപയുണ്ടായിരുന്ന കുരുമുളക് വില 2019-20ല്‍ 354 രൂപയായി കുറഞ്ഞിരുന്നു. വില ഇടിവിനെ തുടര്‍ന്ന് മറ്റ് വിളകളിലേക്ക് മാറിയ കര്‍ഷകരും ഉണ്ട്. കഴിഞ്ഞ സീസണില്‍ 65,000 ടണ്‍ ഉത്പാദനം രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 30-35 ശതമാനം ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
പലയിടങ്ങളിലും കുരുമുളകിൻ്റെ വരവും കുറഞ്ഞിട്ടുണ്ട്. വില ഇനിയും ഉയരും എന്ന പ്രതീക്ഷയില്‍ കുരുമുളക് സൂക്ഷിക്കുന്ന കര്‍ഷകരും ഉണ്ട്. വില ഉയരുന്നത് കുരുമുളകിൻ്റെ ഇറക്കുമതിയും വര്‍ധിപ്പിക്കും. നിലവില്‍ മ്യാന്‍മാറില്‍ നിന്നും നേപ്പാളില്‍ നിന്നും വില കുറഞ്ഞ കുരുമുളക് അനധികൃതമായി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കുരുമുളക് ടണ്ണിന് 75,00 ഡോളര്‍ ആണെന്നിരിക്കെ ബ്രസീലിയന്‍ കുരുമുളകിന് 4400 ഡോളറാണ് വില. വിയറ്റ്‌നാം, ഇന്തോനേഷ്യന്‍ കുരുമുളക് 4500 ഡോളറിന് ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ കുരുമുളകിന് 5500 ഡോളറാണ് വില. ജനുവരി- ഒക്ടോബര്‍ കാലയളവില്‍ 24,304 ടണ്ണായിരുന്നു ഇന്ത്യയുടെ കുരുമുളക് ഇറക്കുമതി. മുംബൈ, കൊല്‍ക്കത്ത, ഡള്‍ഹി തുടങ്ങിയ നഗരങ്ങളാണ് രാജ്യത്തെ കുരുമുളകിൻ്റെ പ്രധാന വിപണികള്‍.


Tags:    

Similar News