ഫ്യൂച്ചര്‍ റീറ്റെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ വീണ്ടും റിലയന്‍സ്, അദാനിയും മത്സര രംഗത്ത്
ബിഗ് ബസാര്‍, എഫ്ബിബി സ്‌റ്റോറുകള്‍ നടത്തുന്ന ഫ്യൂച്ചര്‍ റീറ്റെയിലിനെ ഏറ്റെടുക്കാന്‍ 15 ഗ്രൂപ്പുകളാണ് താല്‍പ്പര്യം അറിയിച്ചത്
കടക്കെണിയിലായ ഫ്യൂച്ചര്‍ റീറ്റെയിലിന്റെ (Future Retail) ആസ്തികള്‍ ഏറ്റെടുക്കാന്‍ വീണ്ടും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് രംഗത്ത്. ഇത്തവണ റിലയന്‍സിനെ കൂടാതെ അദാനി ഗ്രൂപ്പ് അടക്കം പതിനഞ്ചോളം പേരാണ് ഫ്യുച്ചറിനായി താല്‍പ്പര്യ പത്രം സമര്‍പ്പിച്ചത്. ഫ്ലെമിംഗോ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ ഏപ്രില്‍ മൂണ്‍ റീട്ടെയിലിലൂടെയാണ് അദാനി ഗ്രൂപ്പ് ഫ്യൂച്ചറിന്റെ ആസ്തികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ റിയന്‍സും അദാനി ഗ്രൂപ്പും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അസ്തികള്‍ 24,700 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ റിലയന്‍സ് ധാരണയിലെത്തിയിരുന്നെങ്കിലും 2022 ഏപ്രിലില്‍ പിന്മാറുകയായിരുന്നു. ഫ്യുച്ചറില്‍ 49 ശതമാനം നിക്ഷേപമുള്ള ആമസോണ്‍ നല്‍കിയ കേസുകളെ തുടര്‍ന്നായിരുന്നു റിലയന്‍സിന്റെ തീരുമാനം.
2022 ജൂലൈയിലാണ് കമ്പനിക്കെതിരെ പാപ്പരത്ത നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. 21,451 കോടി രൂപയുടെ ബാധ്യതയാണ് ഫ്യുച്ചറിനുള്ളത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ബിഎന്‍വൈ മെലോണിന് 4,670 കോടി രൂപയാണ് നല്‍കാനുണ്ട്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (2,002 കോടി), ബാങ്ക് ഓഫ് ബറോഡ (1,856 കോടി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (1,657 കോടി), ആക്‌സിസ് ട്രസ്റ്റി (1,266 കോടി) എന്നിവര്‍ക്കും പണം തിരികെ നല്‍കണം.
ജൂലൈയിലെ കണക്കുകള്‍ പ്രകാരം 23 സംസ്ഥാനങ്ങളിലായി 302 ലീസ്ഡ് റീട്ടെയില്‍ സ്റ്റോറുകളും 30 ലാര്‍ജ് ഫോര്‍ഫാറ്റ് ഷോറുകളും 272 സ്‌മോള്‍ ഫോര്‍മാറ്റ് സ്‌റ്റോറുകളുമാണ് (ബിഗ് ബസാര്‍, എഫ്ബിബി ) ഫ്യൂച്ചര്‍ റീറ്റെയിലിനുള്ളത്. ഫെബ്രുവരി മുതല്‍ ലീസ് എഗ്രിമെന്റ് അവസാനിച്ച കമ്പനിയുടെ 947 സ്‌റ്റോറുകള്‍ റിലയന്‍സ് ഏറ്റെടുത്തിരുന്നു. സ്മാര്‍ട്ട് ബസാര്‍ എന്ന പേരിലാണ് റിലയന്‍സ് ഈ സ്റ്റോറുകള്‍ നടത്തുന്നത്.