വരുന്നൂ, റിലയന്‍സ് ഡിജിറ്റല്‍ തൊട്ടരികെ
സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുമായി റിലയന്‍സ് ഡിജിറ്റല്‍ ചെറുകിട സ്‌റ്റോറുകള്‍ തുറക്കും
രാജ്യത്തിന്റെ മുക്കിനും മൂലയിലും റിലയന്‍സ് ഡിജിറ്റല്‍ ഷോറൂമുകള്‍ തുറക്കാന്‍ റിലയന്‍സ് റീറ്റെയ്ല്‍ പദ്ധതിയിടുന്നു. നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ചെറു ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതി. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ്, ഗെയിമിംഗ് ഉപകരണങ്ങള്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് എനേബ്ള്‍ഡ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് ഉപകരണങ്ങളാകും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ഇലക്ട്രോണിക് ഷോറൂമുകളുടെ ശൃംഖലയായ റിലയന്‍സ് ഡിജിറ്റലിലൂടെ ലഭ്യമാക്കുക.
നേരത്തെ റിലയന്‍സ് റീറ്റെയ്‌ലിനു കീഴില്‍ ചെറുകിട ഷോറൂമകള്‍ ഡിജിറ്റല്‍ എക്‌സ്പ്രസ് എന്ന പേരില്‍ ഗ്രൂപ്പ് തുറന്നിരുന്നു. എന്നാല്‍ താമസിയാതെ അവയുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ജിയോ കണക്ഷനുകളും ചില മൊബീല്‍ ഫോണുകളും മാത്രം വില്‍ക്കുന്ന മൈ ജിയോ സ്‌റ്റോര്‍സാക്കി രൂപാന്തരം വരുത്തുകയും ചെയ്തിരുന്നു.
ഡിജിറ്റല്‍ എക്‌സ്പ്രസ് ഷോറൂമുകള്‍ പരമാവധി 300-500 ചതുരശ്രയടി വലിപ്പമുള്ളവ ആയിരുന്നുവെങ്കില്‍ പുതിയ ഷോറൂമുകള്‍ക്ക് 2000 ചതുരശ്ര അടി വരെ വലിപ്പമുണ്ടാകും. കൂടുതല്‍ വൈവിധ്യത ഉല്‍പ്പന്നങ്ങളിലും ഉണ്ടാകും.